Last Updated:
കെ.പി.സി.സി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി സതീശൻ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയാണെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി
പെരുന്ന: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും കോൺഗ്രസ് നേതൃത്വത്തിനെതിരെയും വിമർശനമുന്നയിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും പാർട്ടിയുടെ നയപരമായ കാര്യങ്ങൾ പറയാൻ എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കെ.പി.സി.സി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി സതീശൻ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയാണെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. കൂടാതെ കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യരായ ആരുമില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിച്ച് വന്നതിന് ശേഷം സമുദായങ്ങളുടെ തിണ്ണ നിരങ്ങരുതെന്ന് പറയാൻ സതീശന് യാതൊരു യോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സതീശൻ തന്നെയാണ് പാർട്ടിക്കായി ശത്രുക്കളെ ഉണ്ടാക്കുന്നത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാൽ തങ്ങൾക്കൊന്നും കിട്ടാനില്ലെന്നും ഇപ്പോഴത്തെ നേതാക്കളാരും അതിന് യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലാണ് നേതാക്കളുടെ പ്രവർത്തനമെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
അതേസമയം, എൻ.എസ്.എസുമായി ഐക്യം വേണമെന്നും പഴയകാലത്തെ അകൽച്ചകൾ ഇപ്പോൾ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു. സുകുമാരൻ നായർക്ക് അസുഖമായിരുന്നപ്പോൾ വെള്ളാപ്പള്ളി ഫോണിൽ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയത് ഇരുവിഭാഗങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിന് കാരണമായി. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും തമ്മിൽ തല്ലിച്ചത് യു.ഡി.എഫ് ആണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിനെതിരെ സുകുമാരൻ നായരും രംഗത്തെത്തിയിരിക്കുന്നത്.
Kottayam,Kottayam,Kerala

Comments are closed.