Last Updated:
സ്ത്രീകൾക്ക് മാത്രമല്ല പുരുഷനും അന്തസ്സുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കണ്ടന്റ് ക്രിയേറ്ററായ യുവതിയുടെ 18 സെക്കൻഡ് വൈറൽ വീഡിയോയുടെ പേരിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും നിരപരാധിയാണെങ്കിൽ ദീപക് ഈ അവസ്ഥയെ ധൈര്യപൂർവ്വം നേരിടണമായിരുന്നുവെന്നും പണ്ഡിറ്റ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (42) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
ആണുങ്ങൾക്ക് ഈ സംഭവം വലിയൊരു പാഠമാണെന്ന് പണ്ഡിറ്റ് പറയുന്നു. സ്ത്രീകൾ എന്ത് പറഞ്ഞ് വീഡിയോ ഉണ്ടാക്കിയാലും കോടതിയോ പോലീസോ മാധ്യമങ്ങളോ പുരുഷന്റെ കൂടെ ഉണ്ടാകില്ലെന്നും അതിനാൽ സ്ത്രീകളിൽ നിന്ന് പരമാവധി വിട്ടുനടക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കുറിച്ചു. സ്ത്രീകൾക്ക് മാത്രമല്ല പുരുഷനും അന്തസ്സുണ്ടെന്നും ഇത്തരം ആരോപണങ്ങൾ വരുമ്പോൾ ആയിരം പേരെങ്കിലും അത് വിശ്വസിക്കുമെന്നത് മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീ സുരക്ഷാ നിയമങ്ങൾ ആരും ദുരുപയോഗം ചെയ്യരുതെന്നും വീഡിയോ ദൃശ്യങ്ങൾ വച്ച് സോഷ്യൽ മീഡിയയിൽ റീച്ച് ഉണ്ടാക്കാൻ ശ്രമിക്കാതെ അത് പോലീസിനും കോടതിക്കും കൈമാറുകയാണ് വേണ്ടതെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. വ്യാജ ആരോപണങ്ങൾ ഭാവിയിൽ യഥാർത്ഥ ഇരകൾക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രക്തദാനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസ്സിൽ വെച്ച് ദീപക് മനഃപൂർവ്വം ശരീരത്തിൽ സ്പർശിച്ചെന്നാരോപിച്ച് ഒരു യുവതി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെയാണ് ദീപക്കിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
Kozhikode [Calicut],Kozhikode,Kerala

Comments are closed.