Last Updated:
ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കുകയും പിന്നീട് അവരെ ഒതുക്കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയ ശൈലിയെന്നും കപിൽ സിബൽ
ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രാദേശിക പാർട്ടികൾക്ക് മുന്നറിയിപ്പുമായി രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. അധികാരത്തിലെത്താൻ വേണ്ടി മാത്രം ചെറിയ പാർട്ടികളുമായി കൂട്ടുചേരുകയും പിന്നീട് അവരെ ഒതുക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു.
ജെഡിയുവിനൊപ്പം ചേർന്ന് ബിഹാറിൽ അധികാരം പിടിച്ച ശേഷം ഇന്ന് അവിടുത്തെ പ്രധാന ശക്തിയായി ബിജെപി മാറിയതും, ഹരിയാനയിൽ ഐഎൻഎൽഡിയുടെ പങ്കാളിയായി തുടങ്ങി പിന്നീട് അവരെ തഴഞ്ഞതും ഇതിന് ഉദാഹരണളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ വിഭാഗവുമായി ചേർന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിലെത്തിയതാണ് ഏറ്റവും പുതിയ ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കുകയും പിന്നീട് അവരെ ഒതുക്കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയ ശൈലിയെന്നും ചെറുപാർട്ടികൾ ബിജെപിക്കൊപ്പം പോയാൽ അവ ഇല്ലാതാകുമെന്നും കപിൽ സിബൽ പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ ചിലപ്പോൾ ഉപമുഖ്യമന്ത്രി പദം ലഭിച്ചേക്കാം, എന്നാൽ ആ പാർട്ടിയുടെ ഭാവി അതോടെ അവസാനിക്കുമെന്നും സിബൽ മുന്നറിയിപ്പ് നൽകി.
ക്ഷേത്രങ്ങൾ ഉപയോഗിച്ചുള്ള രാഷ്ട്രീയ തന്ത്രത്തിലൂടെ തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും അത് വിജയിക്കുന്നില്ലെന്ന് സിബൽ പറഞ്ഞു. പൂജാരിമാരെ ഉത്തരേന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിൽ കൊണ്ടുപോയി പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.പശ്ചിമ ബംഗാളിലും ബി.ജെ.പിക്ക് കടുത്ത പോരാട്ടം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധവ് താക്കറെ നയിക്കുന്ന വിഭാഗമാണ് യഥാർത്ഥ ശിവസേന എന്നാണ് ബിഎംസി തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും ഷിൻഡെ വിഭാഗത്തേക്കാൾ കൂടുതൽ സീറ്റുകൾ ഉദ്ധവ് പക്ഷം സേനയുടെ കോട്ടയായ മുംബൈയിൽ നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
New Delhi,Delhi
Jan 19, 2026 10:58 AM IST

Comments are closed.