കണ്ണൂരിൽ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് 10 ലക്ഷം രൂപ തട്ടിയ പ്രതി പഞ്ചാബിൽ നിന്ന് പിടിയിൽ  Suspect who duped a female doctor in Kannur of Rs 10 lakh by threatening her with digital arrest arrested from Punjab | Crime


Last Updated:

ലുധിയാനയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് പോലീസ് സംഘം പ്രതിയെ വലയിലാക്കിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂരിൽ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിലൂടെ പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ പഞ്ചാബിൽ നിന്ന് പോലീസ് പിടികൂടി. ലുധിയാന സ്വദേശിയായ ജീവൻ റാമിനെയാണ് (28) കണ്ണൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 10.5 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ലുധിയാനയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് പോലീസ് സംഘം പ്രതിയെ വലയിലാക്കിയത്.

കഴിഞ്ഞ നവംബർ 30-നാണ് മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതി ഡോക്ടറെ വാട്ട്സ് ആപ്പ് വഴി വീഡിയോ കോൾ ചെയ്തത്. ഡോക്ടറുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെടുകയുമായിരുന്നു. ഭയന്നുപോയ ഡോക്ടർ വിവിധ അക്കൗണ്ടുകളിലായി 10.5 ലക്ഷം രൂപ അയച്ചു നൽകി. ഈ തുക മുഴുവൻ പ്രതി ജീവൻ റാം ചെക്ക് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതി നിരന്തരമായി തന്റെ ലൊക്കേഷൻ മാറ്റിക്കൊണ്ടിരുന്നത് പോലീസിനെ വലച്ചിരുന്നു. എങ്കിലും പഞ്ചാബിലെ കൊടും തണുപ്പും മറ്റ് പ്രതികൂല സാഹചര്യങ്ങളും വകവെക്കാതെ അഞ്ചു ദിവസത്തോളം പിന്തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസിന്റെ നിർദ്ദേശപ്രകാരം സൈബർ പോലീസ് സ്റ്റേഷൻ എസ്ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സംഘത്തിൽ എസ്ഐ ജ്യോതി ഇ, സിപിഒ സുനിൽ കെ എന്നിവരും ഉണ്ടായിരുന്നു.

Comments are closed.