Last Updated:
‘വോട്ട് ഒരോ പൗരന്റെയും അവകാശമാണ്. അത് സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനിവാര്യതയാണ്’
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തദ്ദേശതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയമാണെന്നും കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. എറണാകുളത്ത് കെപിസിസി സംഘടിപ്പിച്ച മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിഗംഭീരമായ വിജയം നേടാന്‍ ഐക്യജനാധിപത്യമുന്നണിക്ക് കഴിഞ്ഞു. ജനാധിപത്യത്തിന്റെ അടിത്തറയാണ് ഗ്രാമപഞ്ചായത്ത്. നമ്മുടെ വിജയം നന്നായി കുറിക്കപ്പെട്ടത് പഞ്ചായത്തുകളിലാണെന്നത് അഭിമാനം നല്കുന്നു. വോട്ട് ഒരോ പൗരന്റെയും അവകാശമാണ്. അത് സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. ആര്‍എസ്എസ്- ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തരം പരിശോധിക്കുമ്പോള്‍ അവര്‍ ഭരണത്തില്‍ കേന്ദ്രീകരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് വികേന്ദ്രീകരണത്തിനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസ് – ബിജെപി ആശയങ്ങള്‍ക്ക് അടിമപ്പെടുന്ന ഒരു ജനതയെയാണ് അവര്‍ ആഗ്രഹിക്കുന്നത്. അല്ലാതെ ജനതയുടെ ശബ്ദം കേള്‍ക്കാനും കേള്‍പ്പിക്കാനുമല്ല ആര്‍എസ്എസ് ആശയങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്.
ഇന്ത്യന്‍ രാജ്യത്തിന്റെ മുഴുവന്‍ സ്വത്തും ഈ രാജ്യത്തിന് അഭിമാനമായതെല്ലാം വളരെ കുറച്ച് ആളുകളിലേക്ക് ഒതുങ്ങണമെന്ന ആശയമാണ് ആര്‍എസ്എസിന്റെതും ബിജെപിയുടേതും. അത് സാധ്യമാകണമെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കണം. അതിനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി വന്‍ വിജയം നേടും. കേരളത്തില്‍ തൊഴിലില്ലായ്മയുടെ പ്രശ്നം അതിരൂക്ഷമാണ്. തൊഴിലില്ലായ്മയെ തുടര്‍ന്ന് യുവജനത നാടുവിടുന്നത് വേദനയുണ്ടാക്കുന്നു. വിദേശത്ത് ചെയ്യുന്നതെല്ലാം അവര്‍ക്ക് നാട്ടിലും ചെയ്യാന്‍ പറ്റുന്ന സ്ഥിതിയുണ്ടാവണം. അതിനുള്ള കാഴ്ചപ്പാട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ട്. ഏത് സര്‍ക്കാരും വിജയമാകണമെങ്കില്‍ അവര്‍ ജനങ്ങളുമായി കൈയെത്തും ദുരത്തുള്ള സര്‍ക്കാരുകളാകണം. കേരളത്തിലെ യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന വിശ്വാസം തനിക്കുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Kochi [Cochin],Ernakulam,Kerala
‘നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും, തദ്ദേശ തിരഞ്ഞെടുപ്പിലേത് ചരിത്ര വിജയം’: രാഹുൽ ഗാന്ധി

Comments are closed.