Last Updated:
സംഭവത്തിന് പിന്നാലെ ഷിംജിതക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു
കോഴിക്കോട്: സാമൂഹ്യ മാധ്യമത്തിലൂടെ ഉയർത്തിയ ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന.
കോഴിക്കോട് വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ദീപക്കിന്റെ അമ്മ കന്യക നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇവരെ ലൈംഗികമായി അപമാനിച്ചു എന്നാണ് 18 സെക്കൻഡ് വീഡിയോയിലൂടെ ആരോപിച്ചത്.
മലപ്പുറം അരീക്കോട് ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ് ഷിംജിതാ മുസ്തഫ (36) മുസ്ലിം ലീഗ് പ്രാദേശിക നേതാവാണ്. അരീക്കോട് പഞ്ചായത്തിലെ വെള്ളേരി വെസ്റ്റ് വാർഡിലെ അംഗമായിരുന്നു (2020-25) ഇവർ.
ബസ്സിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട 18 സെക്കൻഡ് ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ വിശകലനം ചെയ്യാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ നടന്ന കാര്യങ്ങൾ വടകര പോലീസിനെ അറിയിച്ചിരുന്നു എന്നായിരുന്നു ഷിംജിതയുടെ പ്രധാന അവകാശവാദം. എന്നാൽ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കേസ് സംബന്ധിച്ച യുവതിയുടെ വാദങ്ങൾ കള്ളമാണെന്ന് വ്യക്തമായി.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് ദീപക്ക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം ഷിംജിത സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാനസികമായി തകര്‍ന്ന ദീപക്കിനെ ഞായറാഴ്ച വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദീപക്കിന്റെ ജന്മദിനമായിരുന്നു ശനിയാഴ്ച.
സംഭവത്തിന് പിന്നാലെ ഷിംജിതക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഷിംജിതക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ മനുഷ്യർ ആവശ്യപ്പെട്ടിരുന്നു.
Kozhikode,Kerala

Comments are closed.