‘ഇന്ത്യയെ ലക്ഷ്യമിടുന്നത് അന്യായം’ ; ഭീകരതയോട് ഒരു വീട്ടുവീഴ്ചയും ചെയ്യരുതെന്ന് പോളണ്ടിനോട് മന്ത്രി ജയശങ്കര്‍ | Jaishankar urges Poland to show zero tolerance for terrorism | ഇന്ത്യ വാർത്ത


Last Updated:

ലോകം വലിയ പ്രതിസന്ധിയിലായിരിക്കുന്ന ഒരു സമയത്താണ് ഈ കൂടിക്കാഴ്ചയെന്നും ജയശങ്കർ പോളണ്ട് മന്ത്രിയോട് പറഞ്ഞു

News18
News18

തീവ്രവാദ ആക്രമണങ്ങൾ, ആഗോള സുരക്ഷാപരിശോധനകൾ, അന്താരാഷ്ട്ര സഹകരണം എന്നിവ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളും രാജ്യം ഉയർത്തിപിടിക്കുന്ന ഭീകരവാദ വിരുദ്ധ നിലപാടുകളും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പോളണ്ടിന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ റാഡോസ്ലാവ് സിക്കോർസ്‌കിയുമായുള്ള പ്രതിനിധി തല ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, അന്യായമായ വ്യാപാര രീതികൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലും ഇന്ത്യയ്ക്ക് പോളണ്ടിന്റെ പിന്തുണയ ഉണ്ടാകുമെന്ന് റാഡോസ്ലാവ് സിക്കോർസ്‌കിയും പ്രതികരിച്ചു.

ഇന്ത്യയെ തിരഞ്ഞുപിടിച്ച് ലക്ഷ്യംവച്ചുള്ള ആഗോള പ്രവർത്തനങ്ങളെ ശക്തമായി എതിർത്തുകൊണ്ടായിരുന്നു ജയശങ്കർ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ‘വിവേചനപരമായ പെരുമാറ്റം’ എന്നാണ് ഇതിനെ ജയശങ്കർ വിശേഷിപ്പിച്ചത്. ഇന്ത്യയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അന്യായവും നീതികരിക്കാൻ കഴിയാത്ത കാര്യവുമാണെന്ന് ജയശങ്കർ പറഞ്ഞു.

സമീപകാലത്തായി നിരവധി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഈ വിഷയം പരസ്യമായും ശക്തമായും ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി അടിവരയിട്ടു. ലോകം വലിയ പ്രതിസന്ധിയിലായിരിക്കുന്ന ഒരു സമയത്താണ് ഈ കൂടിക്കാഴ്ചയെന്നും ജയശങ്കർ പോളണ്ട് മന്ത്രിയോട് പറഞ്ഞു. വ്യത്യസ്ഥ മേഖലകളിലാണെങ്കിലും ഇന്ത്യയും പോളണ്ടും തമ്മിലുള്ള ചർച്ചകൾ അനിവാര്യമാണെന്നും രണ്ട് രാജ്യങ്ങൾക്കും അതിന്റേതായ വെല്ലുവിളികളും അവസരങ്ങളും ഉണ്ടെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട്, കാഴ്ചപാടുകളും നിലപാടുകളും കൈമാറുന്നത് തീർച്ചയായും ഇരുകൂട്ടർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചും ജയശങ്കർ സംസാരിച്ചു. ബന്ധം ശക്തമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും സുസ്ഥിരമായ ശ്രമം ആവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ട് സന്ദർശിച്ചതിനു ശേഷം രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലുണ്ടായ പുരോഗതിയെ കുറിച്ചും മന്ത്രി പരാമർശിച്ചു. പദ്ധതികൾ നടപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2024-28-ലെ കർമ്മ പദ്ധതികളുടെ അവലോകനമാണ് ഈ ചർച്ചയുടെ അജണ്ടയെന്നും മന്ത്രി പറഞ്ഞു. പോളണ്ടും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പൂർണ സാധ്യതകൾ മനസ്സിലാക്കുകയും വിലയിരുത്തുകയുമാണ് ഈ ചർച്ചയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ക്ലീൻ ടെക്‌നോളജീസ്, ഡിജിറ്റൽ ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിൽ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വഴികളെ കുറിച്ചും ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച, വിപണിയുടെ വലിപ്പം, നിക്ഷേപ അനുകൂല നയങ്ങൾ എന്നിവ പോളിഷ് വ്യവസായങ്ങൾക്ക് വളരെയധികം അവസരങ്ങൾ നൽകുമെന്നും മന്ത്രി ജയശങ്കർ വാഗ്ദാനം ചെയ്തു.

രാജ്യങ്ങളുടെ സാംസ്‌കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക, ആഗോള വിഷയങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ന്യൂയോർക്കിലും ഈ മാസം പാരിസിലും നടന്ന ചർച്ചയിൽ ഉക്രൈൻ സംഘർഷത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള തന്റെ കാഴ്ചപാടുകൾ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു.

ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. അതിർത്തി കടന്നുള്ള ഭീകരതയുടെ ദീർഘകാല വെല്ലുവിളികളെക്കുറിച്ച് പോളണ്ടിന്റെ ഉപപ്രധാനമന്ത്രി അപരിചിതനല്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ പോളണ്ട് യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത നയം സ്വീകരിക്കണമെന്നും അയൽരാജ്യങ്ങളിൽ തീവ്രവാദ അടിസ്ഥാനസൗകര്യങ്ങൾക്ക് വളമേകാൻ സഹായം നൽകരുതെന്നും മന്ത്രി ആഹ്വാനം ചെയ്തു.

ഇതിനോട് പൂർണ്ണമായും യോജിക്കുന്നതായി പോളണ്ട് മന്ത്രി റാഡോസ്ലാവ് സിക്കോർസ്‌കിയും പ്രതികരിച്ചു. അതിർത്തികടന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണികൾ പോളണ്ടും നേരിട്ടിണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക വിഷയങ്ങളിൽ ജയശങ്കർ ഉന്നയിച്ച ആശങ്കകളിലും സിക്കോർസ്‌കി അനുകൂല നിലപാട് അറിയിച്ചു. തീരുവ ചുമത്തികൊണ്ട് ഇന്ത്യയെ തിരഞ്ഞുപിടിച്ച് ലക്ഷ്യമിട്ട് ആക്രമിക്കുന്നത് അന്യായമാണെന്ന ജയശങ്കറിന്റെ വാദം അദ്ദേഹവും സമ്മതിച്ചു. ഇത്തരം രീതികൾ ലോകത്ത് കൂടുതൽ അസ്ഥിരതയുണ്ടാക്കുമെന്നും ആഗോള വ്യാപാര യുദ്ധം മുറുകാൻ ഇത് കാരണമാകുമെന്ന് ഭയപ്പെടുന്നതായും അദ്ദേഹം അറിയിച്ചു. ഇന്ത്യ യൂറോപ്പുമായി അടുത്ത ബന്ധം പുലർത്തുമെന്ന് പോളണ്ട് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/

‘ഇന്ത്യയെ ലക്ഷ്യമിടുന്നത് അന്യായം’ ; ഭീകരതയോട് ഒരു വീട്ടുവീഴ്ചയും ചെയ്യരുതെന്ന് പോളണ്ടിനോട് മന്ത്രി ജയശങ്കര്‍

Comments are closed.