അപകടത്തിൽ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു; അനാഥരായി മക്കൾ; കസ്റ്റഡിയിലെടുത്ത ഥാർ കത്തിച്ച് അജ്ഞാതർ| Couple killed in accident Seized vehicle set on fire inside Police Station Protest erupts at Kilimanoor | കേരള വാർത്ത


Last Updated:

മരിച്ച രഞ്ജിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ എംസി റോഡ് ഉപരോധിച്ചു

രഞ്ജിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ എം സി റോഡ് ഉപരോധിക്കുന്നു
രഞ്ജിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ എം സി റോഡ് ഉപരോധിക്കുന്നു

തിരുവനന്തപുരം: എം സി റോഡിൽ കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കളും നാട്ടുകാരും. അപകടത്തിൽപ്പെട്ട ഥാറിനെ പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് രാത്രിയിൽ തീയിട്ടതോടെയാണ് സംഭവത്തിൽ തെളിവുനശിപ്പിക്കാൻ ശ്രമം നടക്കുന്നതായുള്ള ആരോപണം ശക്തമായത്.

അപകടവും മരണവും

ജനുവരി 4-നാണ് പെയിന്റിംഗ് തൊഴിലാളിയായ രഞ്ജിത്തും (41) ഭാര്യ അംബികയും (36) സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ ജീപ്പിടിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അംബിക ചികിത്സയിലിരിക്കെ ജനുവരി 7ന് മരിച്ചു. ഇന്നലെ വൈകിട്ടോടെ രഞ്ജിത്തും മരണത്തിന് കീഴടങ്ങിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്. ഇവരുടെ മരണത്തോടെ ആറും ഒന്നരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളാണ് അനാഥരായത്.

തെളിവ് നശിപ്പിക്കാൻ ശ്രമം

അപകടശേഷം കസ്റ്റഡിയിലെടുത്ത് കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപം സൂക്ഷിച്ചിരുന്ന ഥാർ ജീപ്പിന് ഇന്നലെ രാത്രി ആരോ തീയിട്ടു. കേസ് അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള നീക്കമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അപകടം നടന്ന സമയത്ത് ജീപ്പിൽ നിന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ രണ്ട് തിരിച്ചറിയൽ രേഖകൾ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാൻ പോലീസ് ബോധപൂർവ്വം ശ്രമിക്കുന്നു എന്നാണ് ആരോപണം.

മദ്യലഹരിയിലായിരുന്ന വാഹന ഉടമ വിഷ്ണുവിനെ അപകടദിവസം നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നെങ്കിലും സ്റ്റേഷനിൽ നിന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതും പ്രതിഷേധത്തിന് കാരണമായി.

റോഡ് ഉപരോധം

രഞ്ജിത്തിന്റെ മരണവിവരമറിഞ്ഞതോടെ നാട്ടുകാർ മൃതദേഹവുമായി എംസി റോഡിൽ തടിച്ചുകൂടുകയും ഗതാഗതം തടയുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വാഹന ഉടമ വിഷ്ണുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയതോടെയാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിച്ചത്.

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അനാഥരായ കുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Summary: Intense protests broke out in Kilimanoor after the husband, Ranjith (41), succumbed to his injuries following a tragic accident on MC Road. His wife, Ambika (36), had passed away earlier. Their death has orphaned their two young children.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

അപകടത്തിൽ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു; അനാഥരായി മക്കൾ; കസ്റ്റഡിയിലെടുത്ത ഥാർ കത്തിച്ച് അജ്ഞാതർ

Comments are closed.