ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിൽ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി ലഭിക്കണം: മദ്രാസ് ഹൈക്കോടതി| Live-in Relationships Women Should Have Status of Wife Rules Madras High Court | ഇന്ത്യ വാർത്ത


Last Updated:

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ സാധാരണമായതില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി ഇത്തരം ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി നല്‍കി സംരക്ഷിക്കണമെന്നും നിരീക്ഷിച്ചു

മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിൽ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി ലഭിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ സാധാരണമായതില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി ഇത്തരം ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി നല്‍കി സംരക്ഷിക്കണമെന്നും നിരീക്ഷിച്ചു.

”ലിവ് -ഇന്‍ ബന്ധങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ഒരു സാംസ്‌കാരികമായ ആഘാതമാണ്. എന്നാല്‍ അത് സാധാരണമായിരിക്കുന്നു. പെണ്‍കുട്ടികള്‍ തങ്ങള്‍ മോഡേണ്‍ ആണെന്ന് കരുതുകയും ലിവ് -ഇന്‍ റിലേഷന്‍ പോലെയുള്ള ബന്ധങ്ങള്‍ തിരഞ്ഞെടുക്കുകയുമാണ്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം വിവാഹബന്ധത്തില്‍ നല്‍കുന്നത് പോലെ ഒരു സംരക്ഷണവും ഈ ബന്ധം നല്‍കുന്നില്ലെന്ന് അവര്‍ മനസ്സിലാക്കും,” ജസ്റ്റിസ് എസ്. ശ്രീമതി പറഞ്ഞു.

ഒരു ലിവ് ഇന്‍ ബന്ധത്തില്‍ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി നല്‍കിക്കൊണ്ട് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു. അതിലൂടെ ഒരു ലിവ് -ഇന്‍ ബന്ധത്തില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് അതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഭാര്യ എന്ന നിലയിലുള്ള അവകാശങ്ങള്‍ നല്‍കപ്പെടും.

ലിവ് -ഇന്‍ റിലേഷനിലുള്ള സ്ത്രീകള്‍ക്ക് നിയമപരമായ സംരക്ഷണം പൂര്‍ണമായും ഇല്ലെന്ന് നിരീക്ഷിച്ച ജഡ്ജി, ഒരു വിഭാഗം സ്ത്രീകള്‍ ഇതിന്റെ ഇരയാകുന്നുണ്ടെന്നും പറഞ്ഞു. ”ലിവ് ഇന്‍ ബന്ധം മൂലം അവര്‍ മാനസികമായ ആഘാതവും നേരിടേണ്ടി വരുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ വഞ്ചിച്ചെന്ന കേസില്‍ ആരോപണ വിധേയനായ പുരുഷന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. താനുമായി ലിവ് -ഇന്‍ റിലേഷനിലുള്ള ”യുവതിയുടെ സ്വഭാവം നല്ലതല്ലാത്തതിനാല്‍ താന്‍ അവരെ ഉപേക്ഷിക്കുകയായിരുന്നുവെന്ന്” യുവാവ് അവകാശപ്പെട്ടു.

”ആണ്‍കുട്ടികള്‍ പെട്ടെന്ന് പെണ്‍കുട്ടികളുടെ സ്വഭാവത്തെ കുറ്റപ്പെടുത്തുന്ന നിലപാട് സ്വീകരിക്കും. ലിവ് -ഇന്‍ ബന്ധത്തിലുള്ള ആണ്‍കുട്ടികള്‍ തങ്ങള്‍ മോഡേണ്‍ ആണെന്ന് സങ്കല്‍പ്പിക്കുമെങ്കിലും ലിവ് ഇന്‍ ബന്ധം പുലര്‍ത്തുന്നതിന് അവര്‍ പെണ്‍കുട്ടികളുടെ സ്വഭാവത്തെ കുറ്റപ്പെടുത്തും”, ഹൈക്കോടതി നിരീക്ഷിച്ചു.

”വിവാഹം സാധ്യമല്ലെങ്കില്‍ പുരുഷന്മാര്‍ നിയമപരമായ നടപടി നേരിടേണ്ടി വരും,” ജഡ്ജി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 69 പ്രകാരം (വിവാഹവാഗ്ദാനം നല്‍കി സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക) നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും ജഡ്ജി വ്യക്തമാക്കി.

Comments are closed.