ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം നടത്തിയ കോൺഗ്രസ് സംഘടനാ നേതാവായ വാച്ചർ പിടിയിൽ | Devaswom board watcher caught for attempt to theft while counting offerings at Haripad Sree Subramanya Swamy Temple | ക്രൈം വാർത്തകൾ


Last Updated:

ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സി സി ടി വി ക്യാമറകളുണ്ടെങ്കിലും ഇവയൊന്നും പ്രവർത്തിക്കുന്നില്ല

News18
News18

ആലപ്പുഴ: ഹരിപ്പാട് ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം നടത്തിയ ദേവസ്വം ബോർഡ് വാച്ചർ പിടിയിൽ. ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി തെക്ക് വൈഷ്ണവത്തിൽ രാകേഷ് കൃഷ്ണൻ (40) ആണ് പിടിയിലായത്. ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്റായ ഇയാൾ പ്രാദേശിക കോൺഗ്രസ്‌ നേതാവാണ്.

ചൊവ്വാഴ്ച ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ ജനുവരി മാസത്തിലെ കാണിക്കയെണ്ണുന്നതിനിടെയായിരുന്നു സംഭവം. അസി. കമ്മിഷണറുടെ നേതൃത്വത്തിൽ 20 ഓളം ജീവനക്കാർ കാണിക്കത്തുക എണ്ണി തരംതിരിച്ച് കെട്ടുകളാക്കി പെട്ടികളിൽ സൂക്ഷിച്ചിരുന്നു.

പണം കൊണ്ടു പോകാനായി ധനലക്ഷ്മി ബാങ്ക് ജീവനക്കാരെത്തിയപ്പോൾ നോട്ടുകെട്ടുകൾ മേശപ്പുറത്ത് നിരത്തി. തുടർന്ന് നാണയങ്ങൾ എണ്ണുന്നതിനിടെ കാലിയായ പെട്ടികൾ മാറ്റിവച്ചിടത്ത് രാകേഷ് കൃഷ്ണൻ സംശയാസ്പദമായ രീതിയിൽ ചുറ്റിത്തിരിയുന്നത് അസി. കമ്മിഷണറുടെ ശ്രദ്ധയിൽപ്പെട്ടു.

അവിടെയുണ്ടായിരുന്ന പെട്ടികൾ ഇയാൾ മാറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ അസി. കമ്മിഷണർ തടയുകയും പെട്ടി കമഴ്ത്തിയിടാൻ നിർദേശിക്കുകയുമായിരുന്നു.

​പെട്ടി കമഴ്ത്തിയതോടെ 20 രൂപയുടെ 100 വീതമുള്ള 10 കെട്ടുകളും 500 രൂപയുടെ 12 നോട്ടുകളും 10 രൂപയുടെ ഏതാനും നോട്ടുകെട്ടുകളും പുറത്തുവന്നു. 32,000 രൂപയാണ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചിരുന്നത്. ഉടൻതന്നെ ഹരിപ്പാട് പൊലീസിനെയും ദേവസ്വം ബോർഡ് അധികൃതരെയും വിവരമറിയിച്ചു. രാകേഷ് കൃഷ്ണനെ സസ്പെൻഡ് ചെയ്യാൻ ദേവസ്വം ബോർഡ് അധികൃതർ സബ് ഗ്രൂപ്പ് ഓഫീസർക്ക് നിർദേശം നൽകി. ഹരിപ്പാട് ദേവസ്വം അസി. കമ്മിഷണർ ജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

​ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സി സി ടി വി ക്യാമറകളുണ്ടെങ്കിലും ഇവയൊന്നും പ്രവർത്തിക്കുന്നില്ല.

Comments are closed.