രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പൊതിഞ്ഞ ഭീകരവാദം; ലഷ്‌കറെ തൊയ്ബയുടെ ‘ഹൈബ്രിഡ് പുനഃരുജ്ജീവന’ പദ്ധതി|Terrorism Masked as Politics Lashkar-e-Taiba’s ‘Hybrid Revival’ Plan | ലോക വാർത്ത


Last Updated:

റമദാന് മുന്നോടിയായി ഈ നീക്കം ലഷ്‌കറെ തൊയ്ബ ശക്തമാക്കുന്നതായാണ് റിപ്പോർട്ട്

News18
News18

പ്രത്യക്ഷമായ രാഷ്ട്രീയ പ്രവർത്തങ്ങളെയും രഹസ്യമായുള്ള തീവ്രവാദ പ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള ഒരു പുതിയ തന്ത്രം ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ സ്വീകരിച്ചു വരുന്നതായി ഉന്നത ഇന്റലിജന്റ്‌സ് വൃത്തങ്ങളുടെ മുന്നറിയിപ്പ്. 2008ന് മുമ്പ് സംഘടന സ്വീകരിച്ചിരുന്ന മാതൃകയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ തന്ത്രമെന്ന് സിഎൻഎൻ-ന്യൂസ് 18നോട് അവർ പറഞ്ഞു. സമൂഹത്തിൽ ഭീകരസംഘടനയുടെ സാന്നിധ്യം സാധാരണ നിലയിലാക്കുകയും ഭാവി പ്രവർത്തനങ്ങൾക്കായി ഒരു സ്ലീപ്പർ ഫോഴ്‌സിനെ നിശബ്ദമായി തയ്യാറാക്കുകയും ചെയ്യുന്ന രീതിയാണ് 2008ൽ സംഘടന സ്വീകരിച്ചിരുന്നത്.

ലഷ്‌കർ നേതാക്കളും അനുബന്ധ വ്യക്തികളും ഈ തന്ത്രത്തിന്റെ ഭാഗമായി സംഘടനയുടെ യുവജന വിഭാഗത്തിൽ പരസ്യമായി ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയതായി അടുത്തകാലത്ത് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു. ലഷ്‌കർ യുവ നേതാവ് ഹാരിസ് ദാർ നടത്തിയ പ്രസ്താവനകളും ഇതിന് അടിവരയിടുന്നു. സംഘടന ഒരു പുതിയ സേനയെ സൃഷ്ടിക്കാൻ യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഓരോ യുണിയൻ കൗൺസിലിലും(യുസി) ഒരു സാന്നിധ്യമുണ്ടാക്കാൻ ലക്ഷ്യമിടുന്നതായും അയാൾ അവകാശപ്പെടുന്നു.

രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലെന്ന വ്യാജേന സംഘടനയെ പ്രവർത്തിക്കാൻ അനുവദിക്കുന്ന തലത്തിൽ ആഴത്തിലുള്ള പ്രാദേശിക വേരുകൾ സൃഷ്ടിക്കുന്നതിനാണ് ഈ യുസി തലത്തിലുള്ള നുഴഞ്ഞു കയറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇന്റലിജന്റ്‌സ് വൃത്തങ്ങൾ കരുതുന്നു.

റമദാന് മുന്നോടിയായി ഈ നീക്കം ലഷ്‌കറെ തൊയ്ബ ശക്തമാക്കുന്നതായാണ് റിപ്പോർട്ട്. ലഷ്‌കറെ നേതാക്കൾ ഒരു പുതിയ തലമുറയെ തയ്യാറാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കായി തങ്ങളെ പിന്തുണയ്ക്കുന്നവരെ സജ്ജമാക്കാൻ ബഹാവൽപൂരിൽ നടത്തിയ ഒത്തുചേരലിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ബഹാവൽപൂരിൽ മാത്രം ഏകദേശം 20,000 അനുയായികളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തങ്ങളുടെ ശക്തിപ്രകടിപ്പിക്കാനും കേഡർമാരെ പ്രചോദിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇത്തരം പ്രഖ്യാപനങ്ങളെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

ഈ തന്ത്രത്തിന്റെ ഒരു പ്രധാന ഘടകം രാഷ്ട്രീയത്തിലെ പ്രാതിനിധ്യമാണ്. യൂണിയൻ കൗൺസിൽ തലത്തിൽ പാർട്ടി തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ പിന്തുണയ്ക്കാരെ അണിനിരത്തുന്ന ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിയ്ക്കാനാണ് അവർ ലക്ഷ്യമിടുന്നത്. നിയമസാധുത കൈവരിക്കാനും സൂക്ഷ്മപരിശോധന കുറയ്ക്കാനും ആവശ്യമുള്ളപ്പോൾ സജീവമാക്കാൻ കഴിയുന്ന ലോജിസ്റ്റിക്കൽ ശൃംഖലകൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ രാഷ്ട്രീയ ഇടപെടൽ എന്ന് ഇന്റലിജന്റ്‌സ് വൃത്തങ്ങൾ പറയുന്നു. പള്ളി നിർമാണം പോലെയുള്ള പ്രവർത്തനങ്ങൾ, സ്വാധീനവും സമൂഹ പിന്തുണയും ലഭിക്കാൻ  സഹായിക്കുന്ന കാര്യങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. പാകിസ്ഥാൻ മില്ലി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റാണ അബ്ദുൾ റഹ്‌മാൻ മുബാഷിർ മുൾട്ടാനിൽ പുതിയ പള്ളിക്ക് കല്ലിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ലഷ്‌കറെ തൊയ്ബയുടെ പ്രത്യയശാസ്ത്ര വിവരണത്തെ പുനർനിർമിക്കാനുള്ള ശ്രമമാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. കശ്മീർ പ്രശ്നത്തെ ‘ബംഗ്ലാദേശി മുസ്ലീം സഹോദരന്മാരെ’ കുറിച്ചുള്ള പരാമർശങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ, കശ്മീരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭീകര സംഘടനയേക്കാൾ ഒരു പാൻ-റീജിയണൽ ഇസ്ലാമിക പ്രസ്ഥാനമായി സ്വയം അവതരിപ്പിക്കുന്നതായി തോന്നിപ്പിക്കാനുള്ള ശ്രമവും ഉണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും സാമൂഹിക പ്രവർത്തനങ്ങളുടെയും മറവിൽ നിന്ന് ‘വീണ്ടും പോരാടാനുള്ള’ സന്നദ്ധതയെ സൂചിപ്പിക്കുന്ന വിധത്തിൽ അതിന്റെ ആകർഷണീയതയും നിയമ സാധുതയും വിശാലമാക്കുക എന്നതാണ് ഈ ചട്ടക്കൂടിന്റെ ലക്ഷ്യമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

Comments are closed.