ഉറങ്ങുകയാണെന്ന് കരുതി; പരിശോധിച്ചപ്പോൾ‌ ട്രെയിനിൽ മരിച്ച നിലയിൽ യുവതി | Woman Found Dead on Karaikkal-Ernakulam Express at Ernakulam South Station | കേരള വാർത്ത


Last Updated:

ഇതുമൂലം ട്രെയിൻ യാത്ര പുറപ്പെടാൻ ഒരു മണിക്കൂറോളം വൈകി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

എറണാകുളം: തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ എക്സ്പ്രസ് ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന തമിഴ്നാട് സ്വദേശിനിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരെക്കുറിച്ചുള്ള കൂടുതൽ പേരുവിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.

ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ 16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിലെ എസ്4 (S4) കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ 6.45-ന് സൗത്തിൽ എത്തിയ ഈ ട്രെയിൻ പിന്നീട് 7.45-ന് എറണാകുളം–കോട്ടയം പാസഞ്ചറായി സർവീസ് നടത്തേണ്ടതായിരുന്നു. കോട്ടയം ഭാഗത്തേക്ക് പോകാനായി ട്രെയിനിൽ കയറിയ യാത്രക്കാരാണ് യുവതിയെ കണ്ടത്. ആദ്യം ഉറങ്ങുകയാണെന്ന് കരുതിയെങ്കിലും പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞത്.

വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹം മാറ്റുന്ന നടപടികൾ പൂർത്തിയാക്കി. ഇതുമൂലം ട്രെയിൻ യാത്ര പുറപ്പെടാൻ ഒരു മണിക്കൂറോളം വൈകി. ഇതിനെത്തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള മറ്റ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടി വന്നു.

സംഭവത്തിൽ റെയിൽവേ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച യുവതിയുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

Comments are closed.