ദീപക് ബസിൽ അപമാനിച്ചു എന്ന മൊഴി അറസ്റ്റിന് ശേഷവും ആവർത്തിച്ച് പ്രതി ഷിംജിത | Shimjita reiterates that Deepak insulted her on the bus | കേരള വാർത്ത


Last Updated:

ദീപകിന്റെ വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഫോൺ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു

ഷിംജിത മുസ്തഫ
ഷിംജിത മുസ്തഫ

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയെ ഇന്നലെയാണ് പിടികൂടിയത്. ബസ്സിൽ വെച്ച് ദീപക് തന്നെ അപമാനിച്ചു എന്ന മൊഴിയിൽ മാറ്റമില്ലെന്നാണ് അറസ്റ്റിന് ശേഷവും ഷിംജിത പറയുന്നത്.

ദീപകിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ചും വീഡിയോ എഡിറ്റിംഗ് സംബന്ധിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഷിംജിത സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. എന്നാൽ, ഷിംജിത നിലവിൽ പോലീസ് കസ്റ്റഡിയിലായ സാഹചര്യത്തിൽ ഈ അപേക്ഷ സാങ്കേതികമായി നിലനിൽക്കില്ലാത്തതിനാൽ കോടതി ഇത് തള്ളാനോ മാറ്റിവെക്കാനോ ആണ് സാധ്യത. ഇതേത്തുടർന്ന്, റിമാൻഡിലുള്ള ഷിംജിത പുതിയ ജാമ്യഹർജി കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കാൻ നീക്കം നടത്തുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ഷിംജിതയെ വിശദമായി ചോദ്യം ചെയ്യുന്നതിനായുള്ള പോലീസ് കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.

ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ ചെയ്ത സംഭവത്തിൽ, പ്രതി ഷിംജിത മുസ്തഫയുടെ ഫോൺ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് (Forensic Examination) വിധേയമാക്കാൻ പോലീസ് തീരുമാനിച്ചു. കേസിന്റെ ഗൗരവം പരിഗണിച്ച് കൂടുതൽ അന്വേഷണത്തിനായി ഷിംജിതയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

ദീപകിന്റെ വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഫോൺ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫോണിൽ നിന്ന് വിവാദമായ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചത് എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ, കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നത്.

Comments are closed.