Last Updated:
അഹമ്മദാബാദ് വിമാന അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിത ജി നായരുടെ മരണ വാർത്തവന്നതിനൊപ്പം അവരെ ലൈംഗികമായും ജാതീയമായും അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട് അപമാനിച്ചതിന് വെള്ളരിക്കുണ്ടില്‍ ഡെപ്യൂട്ടി തഹസില്‍ദാറായിരിക്കെ പവിത്രനെ അറസ്റ്റുചെയ്തിരുന്നു
കണ്ണൂര്‍: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച നഴ്സ് രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റ് ഇട്ട് സസ്പെൻഷനിലായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന പടന്നക്കാട് തീര്‍ത്ഥങ്കര എന്‍കെബിഎം ഹൗസിങ് കോളനിയില്‍ താമസിക്കുന്ന മാവുങ്കാല്‍ സ്വദേശി എ പവിത്രന്(56) ആണ് മരിച്ചത്. കുറെ നാളായി ചികിത്സയിലായിരുന്ന പവിത്രൻ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മരിച്ചത്.
ഭാര്യ: ധന്യ. മക്കള്‍: നന്ദകിഷോര്‍ (കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി), റിഷിക (പത്താംക്ലാസ് വിദ്യാര്‍ത്ഥി ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട്).
കഴിഞ്ഞ ജൂണിലാണ് അഹമ്മദാബാദ് വിമാന അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിത ജി നായർ മരിച്ചത്. മരണ വാർത്തവന്നതിനൊപ്പം അവരെ ലൈംഗികമായും ജാതീയമായും അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട് അപമാനിച്ചതിന് വെള്ളരിക്കുണ്ടില്‍ ഡെപ്യൂട്ടി തഹസില്‍ദാറായിരിക്കെ പവിത്രനെ അറസ്റ്റുചെയ്തിരുന്നു. മരിച്ച വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തിയതിന് അന്ന് വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് ആയിരുന്ന പവിത്രനെതിരെ വ്യാപകമായ പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നത്.
പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്ന് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവിത്രൻ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രൻ ആദ്യം രഞ്ജിതയ്ക്കെതിരെയുള്ള പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റിൽ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ഓൺലൈനായി പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു.
കേരള സർക്കാർ ജോലിയിൽനിന്ന് ലീവെടുത്ത് വിദേശത്തേക്കു പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റിൽ കമന്റായി രേഖപ്പെടുത്തിയത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികൾ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തി.
പവിത്രന് ഓഫിസിലെത്തിയത് മദ്യപിച്ചാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ലൈംഗിക ചുവയുള്ള സംസാരം, അതിക്രമം, വാക്കു കൊണ്ടോ നോട്ടം കൊണ്ടോ സ്ത്രീത്വത്തെ അപമാനിക്കൽ, ജാതീയമായി അക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ഭാരതീയന്യായ സംഹിതയിലെ 75 (1) (4), 79, 196 (1) (a), ഐടി ആക്ട് 67 (a) എന്നിവ അനുസരിച്ചാണ് കേസെടുത്തത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണിത്.
പവിത്രൻ സർവീസിൽ തുടരാൻ പ്രാപ്തനല്ലെന്നും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റവന്യു വകുപ്പ് അടിയന്തര ശിക്ഷാ നടപടി സ്വീകരിച്ചത്. കേസന്വേഷണം തുടരുന്നതിനിടെയാണ് അസുഖ ബാധിതനായത്.
Kannur,Kannur,Kerala
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച നഴ്സ് രഞ്ജിതക്കെതിരെ അശ്ലീല കമന്റിട്ടതിന് സസ്പെൻഷനിലായിരുന്ന ഡെ. തഹസിൽദാർ മരിച്ചു

Comments are closed.