Last Updated:
യുവതി അടുക്കളയിൽ ജോലി ചെയ്യവേ ആയിരിന്നു ആക്രമണം
കുഴൽമന്ദം: കുടുംബവഴക്കിനെത്തുടർന്ന് മരുമകളെ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വയോധികൻ വിഷം കഴിച്ച് ജീവനൊടുക്കി. മാത്തൂർ പല്ലഞ്ചാത്തനൂർ നടക്കാവ് ശോഭന നിവാസിൽ രാധാകൃഷ്ണൻ (75) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ അമിത (40) ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. കുഴൽമന്ദം ഗുഡ് ഷെപ്പേഡ് സ്കൂളിലെ അധ്യാപികയാണ് അമിത.
യുവതി മക്കളെ സ്കൂൾ ബസ്സിൽ കയറ്റിവിട്ട ശേഷം അടുക്കളയിൽ ജോലി ചെയ്യവേ ആയിരിന്നു ആക്രമണം. പിന്നിലൂടെ എത്തിയ രാധാകൃഷ്ണൻ കൈയ്യിലുണ്ടായിരുന്ന വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അമിതയുടെ ഇടതുകൈയ്യിലെ മൂന്ന് വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. അമിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ആക്രമണത്തിന് പിന്നാലെ രാധാകൃഷ്ണൻ തൊട്ടടുത്തുള്ള പഴയ വീട്ടിൽ കയറി വാതിലടച്ച് എലിവിഷം കഴിക്കുകയായിരുന്നു. നാട്ടുകാർ തിരയുന്നതിനിടെ വീടിനുള്ളിൽ നിന്ന് ഞരക്കം കേട്ട് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴേക്കും രാധാകൃഷ്ണൻ അവശനിലയിലായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാധാകൃഷ്ണനും കുടുംബവും ഒരേ വളപ്പിലെ രണ്ട് വീടുകളിലായാണ് താമസം. മകൻ അശോക് കോയമ്പത്തൂരിൽ ഐടി ഉദ്യോഗസ്ഥനാണ്. രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും മകൻ അശോകും അമിതയും മക്കളും പുതിയ വീട്ടിലും രാധാകൃഷ്ണൻ തറവാട്ടു വീട്ടിലുമാണ് താമസിച്ചിരുന്നത്. ഭക്ഷണം കഴിക്കാൻ മാത്രമാണ് അദ്ദേഹം പുതിയ വീട്ടിലേക്ക് വരാറുള്ളത്. കഴിഞ്ഞ കുറച്ചുനാളുകളായി കുടുംബത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു. കുഴൽമന്ദം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്കാരം ശനിയാഴ്ച രാവിലെ 10-ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടക്കും.
Palakkad,Kerala
Jan 23, 2026 10:16 AM IST

Comments are closed.