സ്‌റ്റേഡിയത്തില്‍ ‘നായയെ നടത്തി’ വിവാദത്തിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ഡല്‍ഹി കോര്‍പ്പറേഷന്‍ ഓഫ് കമ്മിഷണർ | After Dog-Walking Stadium Row, Sanjeev Khirwar Appointed Delhi MCD Chief | ഇന്ത്യ വാർത്ത


Last Updated:

വിവാദം കടുത്തതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റിയിരുന്നു

News18
News18

2022ൽ ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറി(റവന്യൂ)ആയിരിക്കെ വിവാദത്തെ തുടർന്ന് സ്ഥലം മാറ്റിയ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഖിർവാർ മൂന്ന് വർഷത്തിന് ശേഷം ഡൽഹിയിലേക്ക് തിരിച്ചെത്തി. ഡൽഹിയിലെ പ്രധാന സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനങ്ങളിലൊന്നായ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ(എംസിഡി)കമ്മിഷണറായി അദ്ദേഹത്തെ നിയമിച്ചു.

2022ൽ ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറി(റവന്യൂ)യായിരിക്കെ, സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ത്യാഗരാജ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോട് തന്റെ നായയെ നടത്താൻ വേണ്ടി അവരുടെ പരിശീലനം നേരത്തെ അവസാനിപ്പിക്കാൻ ഖിർവാർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഖിർവാറിനെതിരേ രാജ്യവ്യാപകമായി വിമർശനമുയരുകയും ചെയ്തിരുന്നു.

”നേരത്തെ രാത്രി എട്ട് മുതൽ എട്ടര വരെ ഞങ്ങൾ വെളിച്ചമിട്ട് സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്നു. ഇപ്പോൾ ഉദ്യോഗസ്ഥന് തന്റെ നായയെ സ്‌റ്റേഡിയത്തിൽ നടത്തുന്നതിനായി വൈകുന്നേരം ഏഴ് മണിക്ക് മുമ്പ് ഗ്രൗണ്ട് വിടാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു. ഞങ്ങളുടെ പരിശീലനവും ദിനചര്യയും തടസ്സപ്പെട്ടു,” ഒരു പരിശീലകൻ പറഞ്ഞതായി അന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

സംഭവം ചർച്ചയായതോടെ പൊതുജനങ്ങൾ ഖിർവാറിനെതിരേ രോഷം പ്രകടിപ്പിക്കുകയും ബ്യൂറോക്രാറ്റുകളുടെ അധികാരത്തെക്കുറിച്ചും അധികാര ദുർവിനിയോഗത്തെക്കുറിച്ചും ചർച്ചകൾ ഉയരുകയും ചെയ്തു. അതേസമയം, തന്റെ നായയെ സ്‌റ്റേഡിയത്തിലൂടെ നടത്തുന്നത് കായികതാരങ്ങളുടെ പരിശീലനത്തെ തടസ്സപ്പെടുത്തിയെന്ന കാര്യം ഖിർവാർ നിഷേധിച്ചിരുന്നു. സ്റ്റേഡിയം ഔദ്യോഗികമായി അടച്ചുപൂട്ടുന്ന സമയം അതിനോടകം തന്നെ വൈകുന്നേരം ഏഴ് മണിയായി നിശ്ചയിച്ചിരുന്നതായും കായികതാരങ്ങളോട് സ്‌റ്റേഡിയത്തിൽനിന്ന് നേരത്തെ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്റ്റേഡിയം അധികൃതർ പിന്നീട് പറഞ്ഞു.

വിവാദം കടുത്തതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. സിവിൽ സർവീസ് ചട്ടപ്രകാരം റിങ്കുവിനെ കേന്ദ്രസർക്കാർ നിർബന്ധിതമായി വിരമിപ്പിച്ചുവെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഖിർവാറിനെ ഡൽഹിയ ഭരണപരമായ ഒരു പ്രധാന ചുമതലയിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്. കോർപ്പറേഷനിലെ പ്രധാന സാമ്പത്തിക, ഭരണപരവുമായ വെല്ലുവിളികൾ അദ്ദേഹം കൈകാര്യം ചെയ്യേണ്ടി വരും. ശുചിത്വം, റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങളുടെ മേൽനോട്ടമാണ് വഹിക്കുന്നത്.

അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്രഭരണ പ്രദേശങ്ങൾ(എജിഎംയുടി)കേഡറിലെ 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഖിർവാർ. റവന്യൂ, സിവിൽ അഡ്മിനിസ്‌ട്രേഷൻ എന്നിവ ഉൾപ്പെടെ തന്റെ കരിയറിൽ വിവിധ ഭരണപരമായ ഉത്തരവാദിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

സഞ്ജീവ് ഖിർവാർ വഹിച്ച പ്രധാന ചുമതലകൾ

1. ഡൽഹി സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി(റെവന്യൂ)-റെവന്യൂ അഡ്മിനിസ്‌ട്രേഷന്റെയും ജില്ലാ മജിസ്‌ട്രേറ്റുകളുടെയും മേൽനോട്ടം വഹിക്കുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥ പദവി.

2. ഡൽഹി പരിസ്ഥിതി വകുപ്പിലെ സെക്രട്ടറി-പരിസ്ഥിതി ആസൂത്രണത്തിന്റെയും പരിപാടികളുടെയും ചുമതല.

3. ഡൽഹിയിലെ ട്രേഡ് ആൻഡ് ടാക്‌സ് കമ്മിഷണർ-വാണിജ്യ, നികുതി വിഭാഗങ്ങളുടെ ഭരണം കൈകാര്യം ചെയ്യുന്നു.

കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം ചണ്ഡീഗഡിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായാണ് പ്രവർത്തിച്ചിരുന്നത്. കംപ്യൂട്ടർ എഞ്ചിനീയറിംഗിൽ ബി.ടെക്കും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Comments are closed.