Last Updated:
കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളും മുംബൈയിൽ ഒരു മത്സരവുമാണ് ബംഗ്ലാദേശിന് നിശ്ചയിച്ചിരുന്നത്
2026-ലെ ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മദൻ ലാൽ ആരോപിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം വിഢിത്തമാണെന്നും ഇതുകൊണ്ട് ദോഷമുണ്ടാകുന്നത് ബംഗ്ളാദേശിന് തന്നെയാണെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. ബംഗ്ളാദേശിന്റെ തീരുമാനം കൊണ്ട് ആഥിതേയരായ ഇന്ത്യയ്ക്ക് യാതൊരു നഷ്ടവും സംഭവിക്കില്ലെന്നും ഇത്തരം വലിയൊരു ടൂർണമെന്റിൽ പങ്കെടുക്കാതിരിക്കുന്നത് സാമ്പത്തികമായടക്കം ബംഗ്ലാദേശിന് വലിയ നഷ്ടമാണ് വരുത്തിവെക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊഹ്സിൻ നഖ്‌വിയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ബംഗ്ലാദേശിന്റെ തീരുമാനത്തിനൊപ്പം നിൽകുകയാണ്. ബംഗ്ലാദേശിന്റെ ആവശ്യം ഐ.സി.സി അംഗീകരിച്ചില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കാൻ പാകിസ്ഥാനും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഈ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ ബംഗ്ലാദേശിനെ പ്രേരിപ്പിക്കുന്നത് പാകിസ്താനാണെന്നും ഇന്ത്യയെ തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ലാൽ ആരോപിച്ചു. സുരക്ഷിതമായ സ്ഥലമായ മുംബൈയിലാണ് അവർ കളിക്കേണ്ടത്. ഇതിൽ ഇന്ത്യൻ ബോർഡിന് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. ഇന്ത്യയെ താഴ്ത്തിക്കെട്ടാൻ പാകിസ്താനും ബംഗ്ലാദേശും രാഷ്ട്രീയക്കളി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്കോ മറ്റൊരു നിഷ്പക്ഷ വേദിയിലേക്കോ മാറ്റണമെന്ന ആവശ്യം ഐസിസി പരിഗണിക്കാതിരുന്നത് അനീതിയാണെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പറഞ്ഞു. ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും വ്യാഴാഴ്ച ചേർന്ന ബി.സി.ബി യോഗം ആവർത്തിച്ചു.
അതേസമയം, ഫെബ്രുവരി 7-ന് ടൂർണമെന്റ് തുടങ്ങാനിരിക്കെ വേദിയുടെ കാര്യത്തിൽ ഇത്തരം വലിയ മാറ്റങ്ങൾ വരുത്താൻ സമയമില്ലെന്ന് ഐസിസി വ്യക്തമാക്കി.ഇന്ത്യയിലെ സുരക്ഷാ കാര്യത്തിലുള്ള ബംഗ്ലാദേശിന്റെ ആശങ്കകളെ ഐസിസി തള്ളിക്കളയുകയും ചെയ്തു.
കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളും മുംബൈയിൽ ഒരു മത്സരവുമാണ് ബംഗ്ലാദേശിന് നിശ്ചയിച്ചിരുന്നത്. മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കുന്ന അയർലൻഡുമായി ഗ്രൂപ്പ് മാറാൻ ബംഗ്ലാദേശ് നിർദ്ദേശിച്ചെങ്കിലും ഐ.സി.സി അതും നിരസിക്കുകയായിരുന്നു.
New Delhi,Delhi

Comments are closed.