Last Updated:
കൂടുതൽ കുട്ടികളിലേക്ക് രോഗം പടരുന്നത് ഒഴിവാക്കാനാണ് മുൻകരുതൽ നടപടി
ആലപ്പുഴ മാരാരിക്കുളം ഗവ. എൽ.പി സ്കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ ജില്ലാ കളക്ടർ സ്കൂളിന് അവധി പ്രഖ്യാപിച്ചു. ജനുവരി 22 മുതൽ 21 ദിവസത്തേക്കാണ് അവധി അനുവദിച്ചിരിക്കുന്നത്. കൂടുതൽ കുട്ടികളിലേക്ക് രോഗം പടരുന്നത് ഒഴിവാക്കാനാണ് മുൻകരുതൽ നടപടി. അവധി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ സജ്ജമാക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. സ്കൂൾ പരിസരത്തും മറ്റും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും നടപടികൾ സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
മംപ്‌സ് വൈറസ് (ഒരു തരം പാരാമിക്‌സോ വൈറസ്) പരത്തുന്ന പകര്‍ച്ചവ്യാധിയാണ് മുണ്ടിനീര്.വായുവിലൂടെയാണ് പ്രധാനമായും പകരുന്നത്. ഉമിനീര്‍ ഗ്രന്ഥികളെ ആണ് രോഗം ബാധിക്കുന്നത്. തലവേദന, പനി, ക്ഷീണം തുടങ്ങിയ ലക്ഷങ്ങളോടെയാണ് രോഗം ആരംഭിക്കുക. സാധാരണയായി ഇത് ഉമിനീര്‍ ഗ്രന്ഥികളില്‍ (പാരോറ്റിറ്റിസ്) നീര്‍ക്കെട്ട് ഉണ്ടാക്കും. ഇത് കവിള്‍ത്തടങ്ങളിലേക്കും താടിയെല്ലിന് സമീപത്തേക്കും പടരുന്നു. രണ്ട് മുതല്‍ 12 വയസ്സുവരെ പ്രായമുള്ള വാക്‌സിന്‍ എടുത്തിട്ടില്ലാത്ത കുട്ടികളെയാണ് മുണ്ടിനീര് സാധാരണയായി ബാധിക്കുന്നത്. കൗമാരക്കാര്‍ക്കും പ്രായപൂര്‍ത്തിയായവരിലും പ്രതിരോധ കുത്തിവെയ്പ്പ് എടുത്താലും രോഗം പ്രത്യക്ഷപ്പെടാം. വാക്‌സിന് എടുത്ത് വര്‍ഷങ്ങള്‍ക്കുശേഷം പ്രതിരോധശേഷി കുറയുന്നതാണ് ഇതിന് കാരണം. മുണ്ടിനീര്‍ അണുബാധ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്‌സിനേഷന്‍ പൂര്‍ണമായും എടുക്കുക എന്നതാണ്.
മുണ്ടിനീരിന് പ്രത്യേക ചികിത്സകളൊന്നുമില്ല. രോഗം ബാധിച്ച് സാധാരണ രണ്ടാഴ്ചയ്ക്കുള്ളില്‍ ഭേദമാകും. രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുള്ള ചികിത്സാ രീതിയാണ് പ്രധാനമായും പിന്തുടരുന്നത്. രോഗബാധയുള്ളവര്‍ ധാരാളം വെള്ളം കുടിക്കുകയും, ഇടയ്ക്ക് ചെറുചൂടുവെള്ളം കവിള്‍ കൊള്ളുകയും എളുപ്പത്തില്‍ ചവച്ചിറക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കുക. ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ തലച്ചോറില്‍ വീക്കം, കേള്‍വിശക്തി നഷ്ടപ്പെടുക, പുരുഷന്മാരില്‍ വൃഷ്ണത്തില്‍ വേദനയോട് കൂടിയ വീക്കം തുടങ്ങിയവയ്ക്കും കാരണമായേക്കാം.
Alappuzha,Kerala

Comments are closed.