പ്രാർത്ഥനകൾ വിഫലം; എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവച്ച നേപ്പാൾ യുവതി മരിച്ചു|Nepal Native Durga Kami died after Heart Transplant at Ernakulam General Hospital | കേരള വാർത്ത


Last Updated:

കഴിഞ്ഞ മാസം 22-നായിരുന്നു ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്

News18
News18

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (22) മരിച്ചു. വ്യാഴാഴ്ച രാത്രി 10.05-ഓടെയായിരുന്നു മരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് എക്മോ സപ്പോർട്ടിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ആറ് മണിക്കൂറോളം ഡോക്ടർമാർ തീവ്രശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജ്യത്ത് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആദ്യ ജില്ലാ ആശുപത്രി എന്ന നേട്ടം എറണാകുളം ജനറൽ ആശുപത്രി കൈവരിച്ചത് ദുർഗയുടെ ശസ്ത്രക്രിയയിലൂടെയായിരുന്നു. കഴിഞ്ഞ മാസം 22-നായിരുന്നു ശസ്ത്രക്രിയ നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുർഗയ്ക്ക് വെച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ നിലയിലേക്കു തിരിച്ചുവന്ന ദുർഗ മരുന്നുകളോടു വേഗത്തിൽ പ്രതികരിച്ചതു പ്രതീക്ഷ നൽകിയിരുന്നു. ഏകദേശം 1.5 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിയിൽ ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയത്.

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ദുർഗയെ ഒരു മലയാളി അനാഥാലയ നടത്തിപ്പുകാരനാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ആദ്യം നിയമതടസ്സങ്ങൾ നേരിട്ടെങ്കിലും ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്. 10 മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ദുർഗയ്ക്ക് ഹൃദയം ലഭിച്ചത്. മരുന്നുകൾക്കായി മാത്രം 12 ലക്ഷത്തോളം രൂപ ആശുപത്രി ചെലവാക്കിയിരുന്നു.

Comments are closed.