Last Updated:
നാട്ടുകാർ കുഞ്ഞിനെ രക്ഷിക്കാനായി പടക്കം പൊട്ടിച്ചും ബഹളം വെച്ചും കുരങ്ങനെ തുരത്താൻ ശ്രമിച്ചു
റായ്പൂർ: കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലെറിഞ്ഞ നവജാതശിശുവിന് നഴ്സിന്റെ ഇടപെടലിലൂടെയും നാട്ടുകാരുടെ സമയോചിതമായ നീക്കത്തിലൂടെയും അത്ഭുതകരമായ പുനർജന്മം. ഛത്തീസ്ഗഡിലെ ജൻച്ഗിർ ചാമ്പ ജില്ലയിലെ സേവനി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ബുധനാഴ്ച രാവിലെ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി വീടിന് പുറത്തിറങ്ങിയതായിരുന്നു അമ്മ സുനിത റാത്തോർ. ഈ സമയം പരിസരത്തെ കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന കുരങ്ങുകളിൽ ഒന്ന് പെട്ടെന്ന് താഴേക്ക് ചാടി സുനിതയുടെ കൈയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ടെറസിലേക്ക് ഓടുകയായിരുന്നു. പരിഭ്രാന്തരായ നാട്ടുകാർ കുഞ്ഞിനെ രക്ഷിക്കാനായി പടക്കം പൊട്ടിച്ചും ബഹളം വെച്ചും കുരങ്ങനെ തുരത്താൻ ശ്രമിച്ചു. ഇതിനിടെ ഭയന്നോടിയ കുരങ്ങൻ കുഞ്ഞിനെ അടുത്തുള്ള കിണറ്റിലേക്ക് ഉപേക്ഷിക്കുകയായിരുന്നു.
കുഞ്ഞ് ഡയപ്പർ ധരിച്ചിരുന്നതിനാൽ വെള്ളത്തിൽ താഴാതെ കുഞ്ഞ് പൊങ്ങിക്കിടക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ബക്കറ്റ് താഴ്ത്തി കുഞ്ഞിനെ കിണറ്റിൽ നിന്നും പുറത്തെടുത്തു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന സർഗവൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് രാജേശ്വരി ഉടൻ തന്നെ കുട്ടിക്ക് സി.പി.ആർ (CPR) നൽകി. കുഞ്ഞിന്റെ ഉള്ളിൽ ചെന്ന വെള്ളം പുറത്തുകളയാൻ സാധിച്ചതോടെ ശ്വാസം വീണ്ടെടുത്തു. തുടർന്ന് ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചു. കുഞ്ഞ് ഇപ്പോൾ സുരക്ഷിതമായിരിക്കുന്നു.
Raipur,Chhattisgarh
നവജാത ശിശുവിനെ അമ്മയുടെ കൈയിൽ നിന്ന് തട്ടിയെടുത്ത് കിണറ്റിലെറിഞ്ഞ് കുരങ്ങൻ; രക്ഷപ്പെടുത്തി നാട്ടുകാർ

Comments are closed.