‘എപ്പോഴും ബിജെപിക്കൊപ്പം, ആരും തെറ്റിദ്ധരിക്കണ്ട’; ‘മോദി’ വേദിയിലെ അകലത്തിൽ പ്രതികരിച്ച് ശ്രിലേഖ | R. Sreelekha Clarifies Why She Kept Her Distance From PM Modi During Thiruvananthapuram Visit | കേരള വാർത്ത


Last Updated:

തന്റെ അച്ചടക്കത്തെയും പെരുമാറ്റത്തെയും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കരുതെന്ന് ആർ. ശ്രീലേഖ

ആർ. ശ്രീലേഖ
ആർ. ശ്രീലേഖ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കരികിലേക്ക് പോകാതിരുന്നത് അദ്ദേഹത്തോടുള്ള പരിഭവം മൂലമാണെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. തന്റെ അച്ചടക്കത്തെയും പെരുമാറ്റത്തെയും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കരുതെന്ന് ആവശ്യപ്പെട്ട അവർ, ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് വിഷയത്തിൽ വ്യക്തത വരുത്തിയത്.

പ്രത്യേകമായി ക്ഷണിക്കപ്പെടാതെ ഔദ്യോഗിക വേദിയിൽ മറ്റൊരാളുടെ അടുത്തേക്ക് പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് സ്വന്തം ഇരിപ്പിടത്തിൽ തന്നെ തുടർന്നതെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയോട് യാതൊരുവിധ പരിഭവവുമില്ലെന്നും രാഷ്ട്രീയപരമായ വിദ്വേഷമോ അതൃപ്തിയോ കാരണമാണ് മാറിനിന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

‘പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോൾ തനിക്കിരിപ്പിടമ ലഭിച്ചത് ബിജെപിയുടെ ഉപാധ്യക്ഷന്മാരിൽ ഒരാൾ ആയതുകൊണ്ടുമാത്രമാണ്. എനിക്ക് രാഷ്ട്രീയം പുതിയ മേഖലയാണ്. എന്നാൽ 33 വർഷത്തെ പോലീസ് സർവീസിലൂടെ ലഭിച്ച അച്ചടക്കം ജീവിതത്തിന്റെ ഭാഗമാണ്. വിവിഐപി സുരക്ഷാ ചുമതലകളിൽ ദീർഘകാലത്തെ പരിചയമുള്ളതിനാൽ, അത്തരം ഔദ്യോഗിക ചടങ്ങുകളിൽ പാലിക്കേണ്ട മര്യാദകൾ എനിക്ക് പ്രധാനമാണ്.

പ്രധാനമന്ത്രി വേദിയിലുള്ളപ്പോൾ അനുവദിക്കപ്പെട്ട ഇരിപ്പിടത്തിൽ തന്നെ തുടരുക എന്നതാണ് ശരിയായ അച്ചടക്കമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രത്യേകമായി ക്ഷണിക്കപ്പെടാതെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകുന്നത് ഉചിതമല്ലെന്ന മുൻകാല പരിശീലനമാണ് എന്നെ അവിടെത്തന്നെ ഇരിക്കാൻ പ്രേരിപ്പിച്ചത്. വിവിഐപി എൻട്രൻസിലൂടെ വന്ന അദ്ദേഹം മടങ്ങിപ്പോകുമ്പോൾ ആ വഴിയിൽ തടസ്സമുണ്ടാക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് മാറിനിന്നത്. ഇതിൽ മറ്റ് അർത്ഥങ്ങളില്ല. “ആരും വെറുതെ തെറ്റിദ്ധരിക്കേണ്ട, ഞാൻ എപ്പോഴും ബിജെപിക്കൊപ്പമാണ്.’- എന്നു പറഞ്ഞാണ് ശ്രീലേഖ അവസാനിപ്പിച്ചത്.

Comments are closed.