Last Updated:
മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ വേഗത
കേരളത്തിൽ പുതിയ അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ വ്യക്തമാക്കി.റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനം. പദ്ധതിയുടെ പ്രഖ്യാപനം പതിനഞ്ച് ദിവസത്തിനകം ഉണ്ടാകുമെന്നും ഇതിനായുള്ള ഓഫീസ് പൊന്നാനിയിൽ സജ്ജമാണെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ 14 സ്റ്റേഷനുകളാണുള്ളത്, പിന്നീട് ഇത് 22 ആയി ഉയർത്തും. തിരുവനന്തപുരം എയർപോർട്ട് സ്റ്റേഷനിൽ തുടങ്ങി വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം (ബൈപ്പാസിന് സമീപം), ആലുവ, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയായിരിക്കും സ്റ്റേഷനുകൾ. നിലവിൽ യാത്രക്കാർ കുറവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കാസർകോടിനെ ഒഴിവാക്കിയത്. ആവശ്യമെങ്കിൽ 200 കോടി രൂപ അധികം ചെലവാക്കി അങ്ങോട്ടേക്കും പാത നീട്ടാവുന്നതാണ്.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ യാത്രാസമയത്തിൽ വലിയ ലാഭമുണ്ടാക്കും. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്താൻ 1.20 മണിക്കൂറും, കോഴിക്കോട്ടേക്ക് 2.30 മണിക്കൂറും, കണ്ണൂരിലേക്ക് വെറും 3.15 മണിക്കൂറും മതിയാകും. തുടക്കത്തിൽ 560 പേർക്ക് സഞ്ചരിക്കാവുന്ന എട്ട് കോച്ചുകളുള്ള ട്രെയിനുകളാണ് സർവീസ് നടത്തുക. ഓരോ അഞ്ച് മിനിറ്റിലും ട്രെയിൻ ലഭ്യമാകും.നിലവിലെ നിരക്കിന്റെ പകുതി മാത്രമേ കൂടൂകയുള്ളൂ എന്നും ഇ ശ്രീധരൻ പറഞ്ഞു.
ആകെ 430 കിലോമീറ്റർ ദൂരമുള്ള പാതയുടെ 70 ശതമാനം എലിവേറ്റഡ് (തൂണുകളിന്മേൽ) രീതിയിലും 20 ശതമാനം ടണലുകളിലൂടെയുമാണ് നിർമ്മിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാൻ ഇത് സഹായിക്കും. തൂണുകളുടെ പണി കഴിഞ്ഞാൽ ആ സ്ഥലം നിബന്ധനകളോടെ ഉടമകൾക്ക് തന്നെ തിരികെ നൽകും. നാല് ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിൽ ഒരേസമയം പണി നടത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും.
ഏകദേശം 86,000 കോടി മുതൽ ഒരു ലക്ഷം കോടി രൂപ വരെയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 51 ശതമാനം റെയിൽവേയും 49 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും.60,000 കോടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. 30,000 കേന്ദ്രം, 30,000 സംസ്ഥാനം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. ഓരോ വർഷവും കേന്ദ്രവും സംസ്ഥാനവും 6,000 കോടി രൂപ വീതം അഞ്ച് വർഷത്തേക്ക് നൽകിയാൽ മതിയാകുമെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ റോഡ് അപകടങ്ങളും വായു മലിനീകരണവും ഗണ്യമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കെ-റെയിൽ പദ്ധതിയുടെ പേരിൽ നടന്ന നടപടികളെയും കേസുകളെയും അദ്ദേഹം വിമർശിക്കുകയും ചെയ്തു.
Palakkad,Palakkad,Kerala
തിരുവനന്തപുരം- കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂര്‍ മാത്രം; അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ ശ്രീധരൻ

Comments are closed.