മദ്യപിച്ച് ഹോസ്റ്റലിൽ വന്നതിന് ശകാരിച്ചു; കെട്ടിടത്തിൽ നിന്ന് ചാടി ബിടെക് വിദ്യാർത്ഥി ജീവനൊടുക്കി Scolded for coming to hostel drunk BTech student ends his life by jumping off hostel building in Noida | ഇന്ത്യ വാർത്ത


Last Updated:

മദ്യപിച്ചെത്തിയതിന് ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥിയെ ശകാരിക്കുകയും സംഭവത്തിന്റെ വീഡിയോ പിതാവിന് അയച്ചുകൊടുക്കുകയും ചെയ്തു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

മദ്യപിച്ച് ഹോസ്റ്റലിൽ വന്നതിന് ശകാരിച്ചതിൽ മനംനൊന്ത് ബിടെക് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി ഝാൻസി ജില്ല സ്വദേശിയായ ഉദിത് സോണിയാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിലെ ഹോസ്റ്റലിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.കെട്ടിടത്തിൽ നിന്ന് വീണ ഉടനെ ഉദിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുധീർ കുമാർ പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി ഉദിത് സോണിയും സുഹൃത്തുക്കളായ ചേതനും കുൽദീപും മദ്യം കഴിച്ച ശേഷമാണ് ഹോസ്റ്റലിൽ തിരിച്ചെത്തിയത്. വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ ഹോസ്റ്റൽ അധികൃതർ അതൃപ്തി പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ ശകാരിക്കുകയും സംഭവത്തിന്റെ വീഡിയോ ഉദിത്തിന്റെ പിതാവായ വിജയ് സോണിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. വീഡിയോ കണ്ടതിന് പിന്നാലെ പിതാവ് ഉദിത്തിനെ ഫോണിൽ വിളിച്ച് കർശനമായി ശാസിക്കുകയും ഹോസ്റ്റലിൽ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതിൽ മനംനൊന്താണ് വിദ്യാർത്ഥി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്.

മരിച്ച വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/

മദ്യപിച്ച് ഹോസ്റ്റലിൽ വന്നതിന് ശകാരിച്ചു; കെട്ടിടത്തിൽ നിന്ന് ചാടി ബിടെക് വിദ്യാർത്ഥി ജീവനൊടുക്കി

Comments are closed.