Last Updated:
തുടർച്ചയായി നിയമം ലംഘിക്കുകയും പിഴയൊടുക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും
കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമങ്ങൾ കേരളത്തിൽ കർശനമായി നടപ്പിലാക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ചലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കി നടപ്പാക്കാനൊരുങ്ങുന്നത്. പുതിയ നിയമപ്രകാരം ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിൽ കൂടുതലോ തവണ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്ന് മാസം വരെ സസ്പെൻഡ് ചെയ്യാൻ ആർടിഒയ്ക്ക് അധികാരമുണ്ടാകും. എന്നാൽ നടപടിക്ക് മുൻപായി വാഹന ഉടമയുടെ ഭാഗം കേൾക്കാനുള്ള അവസരം നൽകും. പൊതുവഴിയിലെ തടസ്സം, അനധികൃത പാർക്കിംഗ്, അമിതവേഗം, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കൽ, സിഗ്നൽ ലംഘനം തുടങ്ങി 24 ഓളം നിയമലംഘനങ്ങളാണ് ലൈസൻസ് റദ്ദാക്കാൻ കാരണമായി കണക്കാക്കുന്നത്.
നിയമലംഘനം നടത്തിയാൽ ലഭിക്കുന്ന ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റണം. പിഴ തുക 45 ദിവസത്തിനുള്ളിൽ അടച്ചു തീർക്കുകയോ അല്ലെങ്കിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് തെളിയിക്കുകയോ ചെയ്യേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കും. തുടർച്ചയായി നിയമം ലംഘിക്കുകയും പിഴയൊടുക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇത്തരം വാഹനങ്ങൾക്ക് നികുതി അടയ്ക്കുന്നതൊഴികെ ഉടമസ്ഥാവകാശം മാറ്റൽ, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങിയ മറ്റ് ഔദ്യോഗിക സേവനങ്ങളൊന്നും വാഹൻ വെബ്സൈറ്റിലൂടെ ലഭ്യമാകില്ല.
പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനും അധികാരമുണ്ട്. നിയമലംഘനം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് മറ്റൊരാളാണെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത വാഹന ഉടമയ്ക്കായിരിക്കും.
Thiruvananthapuram,Kerala

Comments are closed.