‘ഏത് ആക്രമണത്തെയും സമ്പൂർണ്ണ യുദ്ധമായി കണക്കാക്കും;കൈവശമുള്ളതെല്ലാം വച്ച് തിരിച്ചടിക്കും’; യു.എസിന് മുന്നറിയിപ്പുമായി ഇറാൻ Any attack will be considered an all-out war Iran warns US | ലോക വാർത്ത


Last Updated:

ആക്രമണം ചെറുതാണെങ്കിൽ പോലും അതിനെ ഒരു വലിയ യുദ്ധമായി കണ്ട് പരമാവധി ശക്തിയോടെ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ നിലപാട്

News18
News18

തങ്ങൾക്കെതിരെയുള്ള ഏത് ആക്രമണത്തെയും പൂർണ്ണ തോതിലുള്ള യുദ്ധമായി കണക്കാക്കുമെന്നും ആക്രമിക്കപ്പെട്ടാൽ തങ്ങളുടെ പക്കലുള്ള എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ. അമേരിക്കൻ നാവികസേനയെ മിഡിൽ ഈസ്റ്റിൽ വിന്യസിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.അമേരിക്കൻ സൈനിക വിന്യാസത്തെ നേരിട്ടുള്ള ഭീഷണിയായാണ് ഇറാൻ കാണുന്നതെന്നും അതിശക്തമായി തിരിച്ചടിക്കുമെന്നും ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ആക്രമണം ചെറുതാണെങ്കിൽ പോലും അതിനെ ഒരു വലിയ യുദ്ധമായി കണ്ട് പരമാവധി ശക്തിയോടെ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ നിലപാട്.

അമേരിക്കൻ വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണും ടോമാഹോക്ക് മിസൈലുകൾ ഘടിപ്പിച്ച മൂന്ന് യുദ്ധക്കപ്പലുകളും മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ എഫ്-15ഇ യുദ്ധവിമാനങ്ങളും മേഖലയിൽ വിന്യസിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇറാന്റെ സായുധ സേന അതീവ ജാഗ്രതയിലാണെന്നും ഏത് മോശം സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും അതിനെതിരെയുള്ള അടിച്ചമർത്തലുകളും തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ സൈനിക നീക്കം.

തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് സൈനിക നടപടിയിൽ നിന്ന് പിന്നോട്ട് പോകുന്നുവെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് സൂചിപ്പിച്ചിരുന്നു. തന്റെ ഇടപെടൽ കൊണ്ട് നൂറ്കണക്കിന് ആളുകളെ രക്ഷിക്കാനായെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതോടെ നേരിയ തോതിൽ കുറഞ്ഞ സംഘർഷാവസ്ഥയാണ് ഇപ്പോൾ വീണ്ടും രൂക്ഷമായിരിക്കുന്നത്. പ്രക്ഷോഭത്തിൽ ഏകദേശം 5000 ത്തിൽ അധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പയുന്നുണ്ടെങ്കിലും ഇറാൻ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെയുള്ള ഏതൊരു നീക്കവും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള ഭീഷണികൾക്ക് മറുപടി നൽകാൻ തങ്ങളുടെ വിരൽ തോക്കിന്റെ ട്രിഗറിലാണെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ വ്യക്തമാക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/World/

‘ഏത് ആക്രമണത്തെയും സമ്പൂർണ്ണ യുദ്ധമായി കണക്കാക്കും;കൈവശമുള്ളതെല്ലാം വച്ച് തിരിച്ചടിക്കും’; യു.എസിന് മുന്നറിയിപ്പുമായി ഇറാൻ

Comments are closed.