അരവിന്ദ് ശ്രീനിവാസ്: Perplexity CEO ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരൻ|Aravind Srinivas becomes India’s youngest billionaire with Perplexity AI’s global surge | Money


Last Updated:

പെര്‍പ്ലെക്‌സിറ്റി എഐയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദിന്റെ സമ്പത്ത് 21,190 കോടി രൂപയാണ്

News18News18
News18

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ എന്ന നേട്ടവുമായി 2025-ലെ എം3എം ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ഇടം നേടി ചെന്നൈയില്‍ നിന്നുള്ള അരവിന്ദ് ശ്രീനിവാസ്. പെര്‍പ്ലെക്‌സിറ്റി എഐയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദിന്റെ സമ്പത്ത് 21,190 കോടി രൂപയാണ്.

സേവന കേന്ദ്രീകൃത സമ്പദ്‍‍‍‍വ്യവസ്ഥയില്‍ നിന്നും ടെക് അധിഷ്ഠിത പവര്‍ഹൗസായുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന്റെ അടയാളമായാണ് അരവിന്ദ് ശ്രീനിവാസിന്റെ ഈ നേട്ടത്തെ ഹുറൂണ്‍ വിശേഷിപ്പിച്ചത്. പരമ്പരാഗത വ്യവസായങ്ങളില്‍ നിന്നോ പാരമ്പര്യമായ ലഭിച്ച സമ്പത്തില്‍ നിന്നോ അല്ല മറിച്ച് ആഗോള ഭീമന്മാരുമായി മത്സരിക്കുന്ന ഒരു അടിസ്ഥാന എഐ മോഡല്‍ വികസിപ്പിച്ചാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ എന്ന നേട്ടത്തിലേക്ക് ചുവടുവെച്ചത്.

കൈവല്ല്യ വോറ (സെപ്‌റ്റോ), ആദിത് പാലിച്ച (സെപ്‌റ്റോ), റിതേഷ് അഗര്‍വാള്‍ (പ്രിസം ഒയോ), ശശ്വത് നക്രാണി (ഭാരത് പേ), തൃഷ്‌നീത് അറോറ (ടിഎസ സെക്യൂരിറ്റി) എന്നിവരാണ്  സമ്പതത്തില്‍ അരവിന്ദിന് പിന്നിലുള്ള ഇന്ത്യന്‍ സംരംഭകര്‍.

1994 ജൂണ്‍ 7-ന് ചെന്നൈയിലാണ് അരവിന്ദ് ശ്രീനിവാസ് ജനിച്ചത്. ആദ്യകാലം ശാസ്ത്രത്തിലും പ്രോബ്ലം സോള്‍വിംഗിലുമായിരുന്നു താല്‍പ്പര്യം. മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഇരട്ട ബിരുദം നേടിയ അദ്ദേഹം അവിടെ തന്നെ റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിംഗിനെ കുറിച്ചുള്ള അഡ്വാന്‍സ്ഡ് കോഴ്‌സും പഠിച്ചു. പിന്നീട് യുസി ബെര്‍ക്ക്‌ലിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി.

കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹം എഐ ലാബുകളായ ഓപ്പണ്‍ എഐ, ഗൂഗിള്‍, ഡീപ് മൈന്‍ഡ് എന്നിവയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഇവിടങ്ങളില്‍ നിന്നും എഐ അധിഷ്ഠിത പ്രോജക്ടുകളില്‍ ലഭിച്ച അനുഭവ സമ്പത്ത് അദ്ദേഹത്തെ സ്വന്തമായൊരു കമ്പനി ആരംഭിക്കുന്നതിലേക്ക് നയിച്ചു.

2022 ഓഗസ്റ്റില്‍ അരവിന്ദ് ശ്രീനിവാസ്, ഡെനിസ് യാരറ്റ്‌സ്, ആന്‍ഡി കോണ്‍വിന്‍സ്‌കി എന്നിവര്‍ ചേര്‍ന്ന് പെര്‍പ്ലെക്‌സിറ്റി എഐ എന്ന കമ്പനി സ്ഥാപിച്ചു. കമ്പനിയുടെ ആശയം വളരെ ലളിതമായിരുന്നു. വേഗത്തിലും കൃത്യതയും വിശ്വാസനീയവുമായ ഉത്തരങ്ങള്‍ നല്‍കുന്ന ഒരു ചാറ്റ് അധിഷ്ഠിത സെര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്ന് അരവിന്ദ് പറഞ്ഞു. ഏത് ചോദ്യത്തിനും ഉത്തരം ലഭിക്കാനുള്ള ഏറ്റവും വേഗതയേറിയ മാര്‍ഗ്ഗമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനി വളരെ പെട്ടെന്ന് ശ്രദ്ധനേടി. ജെഫ് ബെസോസ് അടക്കമുള്ള പ്രമുഖ നിക്ഷേപകരുടെ പിന്തുണ സ്ഥാപനത്തിന് ലഭിച്ചു. കൂടാതെ ആപ്പിള്‍, മെറ്റ അടക്കമുള്ള ടെക് ഭീമന്മാരും കമ്പനി ഏറ്റെടുക്കാന്‍ താല്‍പ്പര്യമറിയിച്ച് മുന്നോട്ടുവന്നു. എന്നാല്‍ പെര്‍പ്ലെക്‌സിറ്റി സ്വതന്ത്രമായി തുടരുമെന്ന് അരവിന്ദ് ശ്രീനിവാസ് വ്യക്തമാക്കി. 2028-ന് ശേഷം പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം അറയിച്ചു.

അരവിന്ദിന്റെ ജന്മദേശം മാത്രമല്ല ഇന്ത്യ പെര്‍പ്ലെക്‌സിറ്റിയുടെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറ കൂടിയാണ്. ഉപയോക്താക്കളുടെ എണ്ണത്തിലെ വര്‍ദ്ധന രാജ്യത്തെ കമ്പനിയുടെ വളര്‍ച്ചയിലെ കേന്ദ്ര ബിന്ദുവാക്കി മാറ്റിയിരിക്കുന്നു. എഐ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയില്‍ പെര്‍പ്ലെക്‌സിറ്റി നിക്ഷേപ ഫണ്ട് സ്വരൂപിക്കുന്നതിനെ കുറിച്ച് ശ്രീനിവാസ് ഇതിനകം സൂചന നല്‍കിയിട്ടുണ്ട്.

Comments are closed.