1.3 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോംസ്‌റ്റേ തുടങ്ങി; മാസം നേടുന്നത് 2.5 ലക്ഷം രൂപ! Rajasthan Man quit his corporate job with a salary of more than one lakh rupees and started homestay now earns two and a half lakh rupees per month | Money


Last Updated:

ആറ് വര്‍ഷം കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്തതിന് ശേഷമാണ് യുവാവ് ഹോംസ്റ്റേ ബിസിനസിലേക്ക് കടന്നത്

News18
News18

വന്‍കിട ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കും സ്വന്തമായി ബിസിനസ് എന്ന ആശയത്തിലേക്കും പോകുന്നവര്‍ ഇന്ന് നിരവധിയാണ്. രാജസ്ഥാനില്‍ നിന്നുള്ള ഒരു 26-കാരന്റെ അത്തരത്തിലുള്ള ഒരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഹോംസ്‌റ്റേ ബിസിനസ് തുടങ്ങിയതിലൂടെ മുമ്പത്തേതിലും കൂടുതല്‍ സമ്പാദിക്കുന്നതായി ഈ യുവാവ് വെളിപ്പെടുത്തുന്നു.

പ്രതിമാസം 1.3 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സ്വന്തം ബിസിനസ് പാത തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം താന്‍ ജോലി ഉപേക്ഷിക്കുമ്പോള്‍ കൃത്യമായ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി എന്തെങ്കിലും ചെയ്യാനും യാത്ര ചെയ്യാനുമുള്ള തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാണ് ജോലി രാജിവെച്ചതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ആദ്യ കാലങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിനും പഠനത്തിനും ശേഷം അദ്ദേഹത്തിന്റെ ബിസിനസ് വളരാന്‍ തുടങ്ങി. ഈ മാസം എയര്‍ബിഎന്‍ബി ബുക്കിംഗിലൂടെ മാത്രം 2.18 ലക്ഷം രൂപ സമ്പാദിച്ചുവെന്നും മൊത്തം പ്രതിമാസ വരുമാനം 2.5 ലക്ഷം രൂപയാണെന്നും അദ്ദേഹം പറയുന്നു. ഇത് അദ്ദേഹത്തിന്റെ പഴയ ശമ്പളത്തേക്കാള്‍ ഇരട്ടിയിലധികമാണ്.

ഒറ്റ രാത്രി കൊണ്ട് നേടിയതല്ല ഈ വിജയമെന്നും സമ്പാദ്യം, ക്ഷമ, മന്ദഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍, കഠിനമായ പരിശ്രമങ്ങള്‍ എന്നിവയിലൂടെ കാര്യങ്ങള്‍ പഠിച്ചാണ് മുന്നേറാനായതെന്നും അദ്ദേഹം കുറിച്ചു. ഒരു വര്‍ഷം മുമ്പ് വരെ ഭയവും അനിശ്ചിതത്വവും തന്നെ അലട്ടിയിരുന്നുവെന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വായിക്കുന്നത് പുതിയ ബിസിനസില്‍ ആത്മവിശ്വാസം നല്‍കിയെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പെട്ടെന്ന് വൈറലായി. നിരവധി ആളുകള്‍ യുവാവിന്റെ ധൈര്യത്തെ പ്രശംസിക്കുകയും പതിവ് ജോലികളില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ കഥ പ്രചോദനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ചിലര്‍ അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചുള്ള ചോദ്യങ്ങളും അന്വേഷണങ്ങളും പങ്കുവെച്ചു.

ക്ഷമയും സ്ഥിരമായ പരിശ്രമവും ഉണ്ടെങ്കില്‍ എന്തും സാധിക്കുമെന്ന് യുവാവിന്റെ അനുഭവം കാണിക്കുന്നതായി ഒരാള്‍ കുറിച്ചു. ഹോംസ്‌റ്റേ ബിസിനസ് അത്ര എളുപ്പമല്ലെന്നും നല്ല കഠിനാധ്വാനം ആവശ്യമാണെന്നും അദ്ദേഹം എഴുതി.

ഇതിനായുള്ള നിക്ഷേപത്തെ കുറിച്ചായിരുന്നു ഒരാളുടെ സംശയം. അതിന് യുവാവ് കൃത്യമായ മറുപടിയും നല്‍കി. പ്രോപ്പര്‍ട്ടികള്‍ക്ക് 45 ലക്ഷം രൂപ ചെലവായതായും ഇത് വായ്പയും സമ്പാദ്യവും ചേര്‍ത്താണ് സഘടിപ്പിച്ചതെന്നും അദ്ദേഹം വിശദമാക്കി. ഫര്‍ണിഷിംഗിന് ഒരു ലക്ഷം രൂപയും (ഒറ്റതവണ) ചെലവായി. പ്രതിമാസം 25,000-30,000 രൂപ മൊത്തം ചെലവുകളും വരും. വായ്പാ ഇഎംഐ പ്രതിമാസം 40,000 രൂപ വരുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍ വിനോദസഞ്ചാരത്തിന് പേരുകേട്ട സ്ഥലമാണെന്നും അതുകൊണ്ടാണ് ഇത് വിജയിച്ചതെന്നും ഒരാള്‍ എഴുതി. മറ്റുചിലര്‍ അദ്ദേഹത്തിന്റെ പ്രോപ്പര്‍ട്ടികളെ കുറിച്ചുള്ള ചോദ്യങ്ങളും പങ്കുവെച്ചു. ഇതിനെല്ലാം യുവാവ് മറുപടിയും നല്‍കി.

ആറ് വര്‍ഷം കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്തതിന് ശേഷമാണ് ബിസിനസിലേക്ക് കടന്നതും ഇതിനായി വായ്പയെടുത്തതായും തന്റെ സ്വകാര്യ സമ്പാദ്യം ഉപയോഗിച്ചതായും അദ്ദേഹം പങ്കുവെച്ചു. മൊത്തം നിക്ഷേപം ഏകദേശം 50 ലക്ഷം രൂപയായിരുന്നു. ബിസിനസ് സ്ഥിരത കൈവരിക്കാന്‍ ഏകദേശം എട്ട് മുതല്‍ പത്ത് മാസം വരെ എടുത്തു. ആദ്യ മാസങ്ങള്‍ മന്ദഗതിയിലുള്ളതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. എന്നാല്‍ ക്ഷമയോടെയും അതിഥികള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ബിസിനസ് ക്രമേണ വളരാന്‍ തുടങ്ങിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Money/

1.3 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോംസ്‌റ്റേ തുടങ്ങി; മാസം നേടുന്നത് 2.5 ലക്ഷം രൂപ!

Comments are closed.