ജനുവരി 1 മുതൽ സിഎൻജി, പിഎൻജി വില കുറയും|cng and domestic png prices to drop from January 1 | Money


Last Updated:

സംസ്ഥാനങ്ങളിലെ നികുതി വ്യവസ്ഥകൾക്കനുസരിച്ചാകും ഓരോ പ്രദേശത്തെയും കൃത്യമായ വിലക്കുറവ് നിശ്ചയിക്കപ്പെടുക

News18
News18

ന്യൂഡൽഹി: 2026 ജനുവരി 1 മുതൽ സിഎൻജിയുടെയും (CNG), ഗാർഹിക പിഎൻജിയുടെയും (PNG) വില കുറയും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോർഡ് നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തെ തുടർന്നാണ് വിലയിലെ മാറ്റം. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 മുതൽ 3 രൂപ വരെ ലാഭിക്കാനാകുമെന്ന് പിഎൻജിആർബി അംഗം എ.കെ. തിവാരി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ നികുതി വ്യവസ്ഥകൾക്കനുസരിച്ചാകും ഓരോ പ്രദേശത്തെയും കൃത്യമായ വിലക്കുറവ് നിശ്ചയിക്കപ്പെടുക.

നിലവിൽ ദൂരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സോണുകളായി തിരിച്ചിരിക്കുന്ന താരിഫ് ഘടന രണ്ട് സോണുകളായി ലഘൂകരിച്ചാണ് റെഗുലേറ്ററി ബോർഡ് ഈ മാറ്റം കൊണ്ടുവരുന്നത്. മുൻപ് 300 മുതൽ 1,200 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 80 രൂപയും 1,200 കിലോമീറ്ററിന് മുകളിൽ 107 രൂപയുമായിരുന്ന നിരക്ക് ഇപ്പോൾ 54 രൂപയായി ഏകീകരിച്ചിട്ടുണ്ട്. സിഎൻജി, ഗാർഹിക പിഎൻജി ഉപഭോക്താക്കൾക്ക് പാൻ-ഇന്ത്യ അടിസ്ഥാനത്തിൽ ആദ്യ സോണിലെ (Zone 1) ഈ കുറഞ്ഞ നിരക്കാകും ഇനി മുതൽ ബാധകമാകുക.

രാജ്യത്തെ 40 സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) കമ്പനികൾക്ക് കീഴിലുള്ള 312 ഭൂമിശാസ്ത്ര മേഖലകളിലെ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം നേരിട്ട് ലഭിക്കും. വാഹന ഉടമകൾക്കും വീടുകളിൽ പൈപ്പ്ഡ് ഗ്യാസ് ഉപയോഗിക്കുന്നവർക്കും ഈ സാമ്പത്തിക ലാഭം ഒരുപോലെ ഗുണകരമാകുമെന്ന് അധികൃതർ അറിയിച്ചു. വിലക്കുറവിന്റെ ഗുണഫലം ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് പിഎൻജിആർബി നേരിട്ട് നിരീക്ഷിക്കും. കൂടാതെ, പ്രകൃതിവാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി മൂല്യവർധിത നികുതി (VAT) കുറയ്ക്കാൻ വിവിധ സംസ്ഥാന സർക്കാരുകളോട് റെഗുലേറ്ററി ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും അനുമതികൾ ലഘൂകരിക്കാനുമുള്ള നീക്കങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Comments are closed.