സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍| Foxconn Hires 30000 Employees for Women-Led iPhone Plant in Bengaluru | Money


Last Updated:

300 ഏക്കറിലായി പരന്നുക്കിടക്കുന്ന ബംഗളൂരുവിലെ പ്ലാന്റിലെ ഭൂരിഭാഗം ജീവനക്കാരും സ്ത്രീകളാണ്. ഇവരില്‍ ഭൂരിഭാഗവും 19-24 വയസ്സ് പ്രായമുള്ളവരാണ്

ഫോക്‌സ്‌കോണ്‍
ഫോക്‌സ്‌കോണ്‍

തായ്‌വാൻ ഇലക്ട്രോണിക്‌സ് കമ്പനിയായ ഫോക്‌സ്‌കോണ്‍ ബംഗളൂരുവിലെ ദേവനഹള്ളിയിലെ പുതിയ ഐഫോണ്‍ നിര്‍മാണ പ്ലാന്റില്‍ 30,000 പേരെ നിയമിച്ചതായി റിപ്പോര്‍ട്ട്. എട്ട് മുതല്‍ ഒന്‍പത് മാസത്തിനുള്ളിലാണ് കമ്പനി ഇത്ര വലിയ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുള്ളതെന്നും ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വേഗത്തിലുള്ള ഫാക്ടറി വളര്‍ച്ചയാണ് ഇതെന്നും ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയ്ക്ക് പുറത്ത് തങ്ങളുടെ മാനുഫാക്ച്ചറിംഗ് ശേഷി വിപുലീകരിക്കാനുള്ള ആപ്പിളിന്റെ വേഗത്തിലുള്ള ശ്രമങ്ങളെയാണ് ഈ നിയമനം സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

300 ഏക്കറിലായി പരന്നുക്കിടക്കുന്ന ബംഗളൂരുവിലെ പ്ലാന്റിലെ ഭൂരിഭാഗം ജീവനക്കാരും സ്ത്രീകളാണ്. മൊത്തം തൊഴിലാളികളില്‍ ഏകദേശം 80 ശതമാനവും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗവും 19-24 വയസ്സ് പ്രായമുള്ളവരാണ്. കൂടുതല്‍ പേരും മുന്‍പരിചയമില്ലാത്തവരും ആദ്യമായി ജോലി നേടിയവരുമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഈ വര്‍ഷം ഏപ്രില്‍-മേയ് മാസത്തിലാണ് പ്ലാന്റ് പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ചത്. ഐഫോണ്‍ 16 മോഡലുകള്‍ അസംബ്ലിംഗ് നടത്തുകയും ചെയ്തു. ഏറ്റവും പുതിയ മോഡല്‍ ഐഫോണ്‍ 17 പ്രോ മാക്‌സിന്റെ നിര്‍മാണവും പ്ലാന്റില്‍ ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ നിര്‍മിക്കുന്നതില്‍ 80 ശതമാനത്തിലധികവും വിദേശത്തേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.

അടുത്ത വര്‍ഷത്തോടെ ഏറ്റവും ഉയര്‍ന്ന ശേഷിയില്‍ പ്ലാന്റിന് 50,000 പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്യാമ്പസില്‍ ആറ് വലിയ ഡോര്‍മിറ്ററികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പലതും വനിതാ ജീവനക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. ബാക്കിയുള്ള സൗകര്യങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കൂടുതല്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്.

പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, സ്‌കൂള്‍ വിദ്യാഭ്യാസം, വിനോദ സൗകര്യങ്ങള്‍ എന്നിവയുള്ള ഒരു സ്വയംപര്യാപ്ത ടൗണ്‍ഷിപ്പായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സൗജന്യ താമസവും സബ്‌സിഡി നിരക്കില്‍ ഭക്ഷണവും ലഭിക്കുന്നു. കൂടാതെ ശരാശരി 18,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.

ബംഗളൂരുവിലെ ഈ പ്ലാന്റില്‍ ഫോക്‌സ്‌കോണ്‍ ഏകദേശം 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നതോടെ തൊഴിലവസരങ്ങളുടെയും ഉത്പാദന ശേഷിയുടെയും കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറിയായി ഇത് മാറുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ ഫോക്‌സ്‌കോണിന്റെ ആദ്യത്തെ ഐഫോണ്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ നിലവില്‍ 41,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ കണക്ക് പുതിയ യൂണിറ്റ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.