Last Updated:
ചൊവ്വാഴ്ച മൂന്ന് തവണയായി വിലയിൽ മാറ്റം വരികയും പവന് മൊത്തം 3,160 രൂപ വരെ വർധിച്ച ശേഷം വൈകുന്നേരത്തോടെ നേരിയ കുറവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു
തിരുവനന്തപുരം: കേരളത്തിലെ സ്വർണവിലയിൽ ചരിത്രത്തിലിന്നുവരെയില്ലാത്ത റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പവന് 3,680 രൂപയും ഗ്രാമിന് 460 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയും വലിയ വിലക്കയറ്റം ഉണ്ടാകുന്നതെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 460 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 രൂപയായും, ഒരു പവന് 1,13,520 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ് ഇന്നത്തെ വില. ഇതിൽ ഗ്രാമിന് 375 രൂപയുടെ വർധനവാണുള്ളത്.
ഗ്രാമിന് 5855 രൂപയാണ് വില. വെള്ളി ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് ഇന്നത്തെ വില. എന്നാൽ സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേർന്ന് ഉയർന്ന വില നൽകേണ്ടി വരും.
ചൊവ്വാഴ്ച മൂന്ന് തവണയായി വിലയിൽ മാറ്റം വരികയും പവന് മൊത്തം 3,160 രൂപ വരെ വർധിച്ച ശേഷം വൈകുന്നേരത്തോടെ നേരിയ കുറവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിപണിയിലെ അസ്ഥിരത തുടരുന്നതിനാൽ വില ഇനിയും മാറാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.
Thiruvananthapuram,Kerala
Jan 21, 2026 11:38 AM IST

Comments are closed.