Last Updated:
പനാമ കാടുകളിലൂടെയുള്ള യുവാവിന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 45 ലക്ഷം രൂപ ചെലവായി
കാലിഫോര്‍ണിയയില്‍ ഒരാള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ എതിര്‍ത്ത ഹരിയാന സ്വദേശി വെടിയേറ്റുമരിച്ചു. രണ്ടര വര്‍ഷം മുമ്പ് ഡങ്കി റൂട്ട് വഴിയാണ് ഈ യുവാവ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നതിന് ഉപയോഗിക്കുന്ന അപകടകരമായ വഴിയാണ് ഡങ്കി റൂട്ട് എന്നറിയപ്പെടുന്നത്. ഇന്ത്യയില്‍ നിന്നും നിരവധിയാളുകള്‍ ഇത്തരത്തില്‍ അമേരിക്കയിലേക്ക് എത്തുന്നുണ്ട്. വന്‍തുക ഏജന്‍സികള്‍ക്ക് നല്‍കിയാണ് ഇത്തരത്തില്‍ അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുന്നത്.
ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്നുള്ള 26-കാരനായ കപില്‍ രണ്ടരവര്‍ഷം മുമ്പ് ഇങ്ങനെ അതിര്‍ത്തി കടന്നതാണ്. ഇയാള്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്നതായി കപിലിന്റെ ഗ്രാമ സര്‍പഞ്ച് സുരേഷ് കുമാര്‍ ഗൗതമിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ കപില്‍ എതിര്‍ത്തിരുന്നുവെന്നും പിന്നീട് അയാള്‍ കപിലിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സര്‍പഞ്ച് അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്.
ഹരിയാനയിലെ ബരാ കലന്‍ ഗ്രാമത്തില്‍ നിന്നുള്ള കപില്‍ തന്റെ കുടുംബത്തിലെ ഏക ആണ്‍കുട്ടിയാണ്. അദ്ദേഹത്തിന് രണ്ട് സഹോദരിമാരാണുള്ളത്. അച്ഛന്‍ ഈശ്വര്‍. സഹോദരിമാരില്‍ ഒരാളുടെ വിവാഹം കഴിഞ്ഞതാണ്.
2022-ലാണ് കപില്‍ ഡങ്കി റൂട്ട് വഴി അമേരിക്കയിലേക്ക് കടന്നത്. പനാമ കാടുകളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഏകദേശം 45 ലക്ഷം രൂപ ചെലവായി. അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നെങ്കിലും നിയമനടപടികള്‍ക്കുശേഷം വിട്ടയച്ചു. അന്നുമുതല്‍ കപില്‍ അമേരിക്കയിലാണ് താമസിക്കുന്നത്. യുഎസിലെ ഒരു ബന്ധു വഴിയാണ് കപിലിന്റെ മരണ വിവരം ഇന്ത്യയിലെ ബന്ധുക്കള്‍ അറിഞ്ഞത്.
ഈ സമയത്ത് മുഴുവന്‍ ഗ്രാമവും കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും ഈ ദുഃഖസമയത്ത് അവര്‍ വളരെയധികം തകര്‍ന്നിരിക്കുന്നുവെന്നും സര്‍പഞ്ച് ഗൗതം മാധ്യമങ്ങളോട് പറഞ്ഞു. കപിലിന്റെ മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡെപ്യൂട്ടി കമ്മീഷണറെ കാണാന്‍ ഒരുങ്ങുകയാണെന്നും സര്‍പഞ്ച് പറഞ്ഞു. സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
September 08, 2025 2:48 PM IST
അമേരിക്കയിൽ നുഴഞ്ഞുകയറിയ ഹരിയാനക്കാരൻ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് എതിര്‍ത്തതിന് വെടിയേറ്റു മരിച്ചു

Comments are closed.