കാമുകനോടൊപ്പം ഒളിച്ചോടാന്‍ സ്വന്തം വീട്ടില്‍ നിന്ന് 10 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍ Woman arrested for stealing Rs 10 lakh gold from her own house to elope with her boyfriend | Crime


Last Updated:

കാമുകനോടൊപ്പം ഒളിച്ചോടാന്‍ പദ്ധതിയിട്ട സ്ത്രീ സ്വന്തം വീട്ടിൽനിന്ന് ആഭരണങ്ങള്‍ മോഷണം പോയതായി വരുത്തിതീര്‍ക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

മുംബൈയില്‍ സ്വന്തം വീട്ടില്‍ നിന്ന് സ്വർണം മോഷ്ടിച്ച കേസില്‍ ഒരു സ്ത്രീയെ പോലീസ് അറസ്റ്റുചെയ്തു. കാമുകനോടൊപ്പം ഒളിച്ചോടാന്‍ സ്വന്തം വീട്ടില്‍ നിന്നും 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് പ്രതി ഊര്‍മ്മിള രമേശ്  മോഷ്ടിച്ചത്.

കാമുകനോടൊപ്പം ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നതിനാല്‍ അതിനുമുമ്പായി ആഭരണങ്ങള്‍ മോഷണം പോയതായി ഇവര്‍ വരുത്തിതീര്‍ക്കുകയായിരുന്നു. പിന്നീട് ദിന്‍ദോഷി പോലീസ് സ്‌റ്റേഷനില്‍ ആഭരണങ്ങള്‍ മോഷണം പോയതായി കാണിച്ച് ഊര്‍മ്മിള രമേശും ഭര്‍ത്താവും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം വീട്ടില്‍ നടന്ന മോഷണത്തിന് പിന്നില്‍ പരാതിക്കാരി തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്.

വീട്ടില്‍ നിന്നെടുത്ത ആഭരണങ്ങളില്‍ ചിലത് പ്രതി മകളുടെ കാമുകന്റെ പക്കല്‍ സൂക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

ഗൊരേഗാവിലുള്ള തങ്ങളുടെ വീട്ടില്‍ നിന്ന് 10 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് ഊര്‍മ്മിള പരാതിയില്‍ അവകാശപ്പെട്ടത്. ഇതനുസരിച്ച് ആഗസ്റ്റ് 28-ന് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര ഷിന്‍ഡെ പറഞ്ഞു.

അന്വേഷണത്തില്‍ അവരുടെ വീട്ടില്‍ ആരെങ്കിലും അതിക്രമിച്ച് കയറിയതിന്റെയോ ബലപ്രയോഗം നടന്നതിന്റെയോ ലക്ഷണങ്ങളൊന്നും പോലീസിന് കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ വീട്ടിലുള്ള ആരെങ്കിലുമായിരിക്കും മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിച്ചു. സര്‍ക്കാര്‍ ജീവനക്കാരനായ തന്റെ ഭര്‍ത്താവിന് ഇതില്‍ പങ്കുണ്ടെന്ന് ഊര്‍മ്മിള സൂചന നല്‍കിയതായും പോലീസ് പറഞ്ഞു.

എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ദമ്പതികളുടെ കോള്‍ രേഖകള്‍ പരിശോധിച്ചു. ഊര്‍മ്മിള ഇടയ്ക്കിടെ മറ്റൊരാളുമായി സംസാരിക്കുന്നതായും അവര്‍ക്ക് അയാളുമായി അവിഹിതബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അയാളുമായി അവര്‍ ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നതായും തെളിഞ്ഞു.

മകളുടെ കാമുകനായ മറ്റൊരു ചെറുപ്പക്കാരനുമായും ഊര്‍മ്മിള ഫോണില്‍ നിരന്തരം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. അയാളെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചപ്പോഴാണ് മോഷണത്തിനു പിന്നില്‍ ഊര്‍മ്മിള തന്നെയാണെന്ന് വ്യക്തമായത്. ഊര്‍മ്മിള തന്നെയാണ് ആഭരണങ്ങള്‍ മോഷ്ടിച്ചതെന്നും അതില്‍ ചിലത് തന്റെ പക്കല്‍ സൂക്ഷിച്ചിരുന്നതായും അയാള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ഊര്‍മ്മിളയെ ചോദ്യം ചെയ്തപ്പോള്‍ കാമുകനോടൊപ്പം ഒളിച്ചോടാന്‍ തീരുമാനിച്ചതായും ജീവിക്കാനുള്ള പണത്തിനായി ആഭരണങ്ങള്‍ മോഷ്ടിച്ചതായും അവര്‍ സമ്മതിച്ചു. ആഭരണങ്ങള്‍ ചിലത് അവര്‍ അപ്പോഴേക്കും വിറ്റിരുന്നു. ഇതില്‍ ചിലത് കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഊര്‍മ്മിള ഇപ്പോള്‍ ജയിലിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കാമുകനോടൊപ്പം ഒളിച്ചോടാന്‍ സ്വന്തം വീട്ടില്‍ നിന്ന് 10 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍

Comments are closed.