Last Updated:
ജാമ്യത്തിലിറങ്ങിയ ശ്രീതുവിനെ ഉപയോഗിച്ച് തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിലരുമായി ഈ സംഘം ബന്ധപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരി മകളെ അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിന് പുറത്തിറക്കാൻ സഹായിച്ചത് സെക്സ് റാക്കറ്റും സംഘമാണെന്ന് പോലീസ് കണ്ടെത്തി.
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാൻ ബന്ധുക്കളോ അടുപ്പമുള്ളവരോ എത്താത്തതിനെ തുടർന്ന് ഏഴ് മാസത്തിലധികം ശ്രീതു ജയിലിൽ കഴിഞ്ഞിരുന്നു. അതിനുശേഷമാണ് ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്സ് റാക്കറ്റും നടത്തുന്ന സംഘമാണ് ശ്രീതുവിനെ പുറത്തിറക്കാനായെത്തിയത്.
വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ അടുത്തിടെ അറസ്റ്റിലായ ഇളയരാജ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശിയും ഇയാളുടെ ഭാര്യയും ചേർന്നാണ് ശ്രീതുവിനെ ജാമ്യത്തിലിറക്കിയത്. തുടർന്ന് തമിഴ്നാട് അതിർത്തിയോട് ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിച്ചു.
തമിഴ്നാട്ടിൽ നിന്ന് ആഡംബര കാറുകളിൽ കേരളത്തിലെത്തുന്ന ഈ സംഘം മോഷണവും ലഹരിക്കച്ചവടവുമാണ് പ്രധാനമായും നടത്തുന്നത്.
കഴക്കൂട്ടം, തുമ്പ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. മോഷണത്തിന് ശേഷം വാഹനങ്ങൾ മാറിക്കയറി തമിഴ്നാട്ടിലേക്ക് മടങ്ങുകയാണ് ഇവരുടെ രീതി.
ജാമ്യത്തിലിറങ്ങിയ ശ്രീതുവിനെ ഉപയോഗിച്ച് തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിലരുമായി ഈ സംഘം ബന്ധപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബാലരാമപുരം പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടു വരുന്നതിനിടെ, ഇവരെ ആരോ തട്ടിക്കൊണ്ടുപോയെന്ന് സംഘം പ്രചരിപ്പിച്ചതായും പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
ജനുവരി 30-ന് പുലർച്ചെയാണ് ബാലരാമപുരത്ത് ഇവർ താമസിക്കുന്ന വാടക വീട്ടിലെ കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം പ്രതിയായ ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഹരികുമാറിന് കുട്ടിയെ ഇഷ്ടമില്ലാതിരുന്നതാണ് കൊലപാതകത്തിന് കാരണം.
കൊലപാതകം നടന്ന ദിവസം തന്നെ, അറസ്റ്റിലായ ഹരികുമാർ, കൊലപാതകത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന് പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പോലീസ് ഹരികുമാറിനെ നുണപരിശോധനയ്ക്ക് വിധേയനാക്കി. എന്നാൽ ശ്രീതു നുണപരിശോധനയ്ക്ക് വിസമ്മതിച്ചു. ഈ നുണപരിശോധനാ ഫലങ്ങൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Thiruvananthapuram,Kerala
October 05, 2025 11:21 AM IST
ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയത് സെക്സ് റാക്കറ്റ്

Comments are closed.