പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത് | young man died following a conflict related to love affair in Varkala | Crime


Last Updated:

ആശുപത്രിയിൽ എത്തിച്ചപ്പോൾ തെങ്ങിൽ നിന്ന് വീണതാണെന്നാണ് കാമുകന്റെ സുഹൃത്ത് പറഞ്ഞിരുന്നത്

മരണപ്പെട്ട അമൽ മരണപ്പെട്ട അമൽ
മരണപ്പെട്ട അമൽ

തിരുവനന്തപുരം: വർക്കലയിൽ പ്രണയബന്ധം തകർന്നതിനെ തുടർന്നുള്ള സംഘർഷത്തിനിടെ അടിയേറ്റ യുവാവ് മരിച്ചു. കാമുകന്റെ സുഹൃത്തായിരുന്ന കൊല്ലം സ്വദേശി അമൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണമ്പ സ്വദേശിനിയായ ഒരു പെൺകുട്ടിയും കൊല്ലത്തുള്ള യുവാവും തമ്മിലുള്ള പ്രണയബന്ധം തകർന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രണയബന്ധം തകർന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനായി യുവാവിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്ടോബർ 14-ന് വർക്കല കണ്ണമ്പയിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തി. ഇവിടെ വെച്ച് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളുമായി കയ്യാങ്കളി ഉണ്ടാവുകയായിരുന്നു. ഈ ഏറ്റുമുട്ടലിനിടെയാണ് കാമുകന്റെ സുഹൃത്തായ അമലിന് അടിയേറ്റത്.

ഒക്ടോബർ 14-ന് രാത്രിയാണ് സംഭവം നടന്നത്. അടിയേറ്റ ശേഷം അമൽ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് മടങ്ങി. എന്നാൽ, പിറ്റേന്ന് രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തെങ്ങിൽ നിന്ന് വീണതാണെന്നാണ് അമൽ പറഞ്ഞിരുന്നത്. എന്നാൽ, ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ ആരോഗ്യനില വഷളായ അമൽ ഒക്ടോബർ 17-ന് മരണപ്പെട്ടു.

പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വർക്കലയിൽ വെച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കൾ വെളിപ്പെടുത്തിയത്. തുടർന്ന് വർക്കല പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്തു.

Comments are closed.