വിവാഹം കഴിഞ്ഞിട്ട് 9 മാസം; ഭാര്യയെ കൊലപ്പെടുത്തി അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റില്‍|man arrested for murdering wife and staging it as an accidental death in Bengaluru | Crime


Last Updated:

യുവതിയ്ക്ക് ഇലക്ട്രിക് ഹീറ്ററിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രതി ആദ്യം പോലീസിന് നൽകിയ മൊഴി

News18News18
News18

ബെംഗളൂരു: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച 35 കാരൻ അറസ്റ്റിൽ. ബല്ലാരി സ്വദേശി പ്രശാന്ത് കമ്മാറാണ് (35) അറസ്റ്റിലായത്. രേഷ്മ (32) ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു പോലീസാണ് പ്രതിയെ പിടികൂടിയത്. ഒക്ടോബർ 15-നാണ് നഗരത്തിലെ ഇവരുടെ വസതിയിൽ സംഭവം നടന്നത്.

ബെംഗളൂരുവിന്റെ തെക്ക് കിഴക്കൻ മേഖലയിലെ ഹെബ്ബഗോഡിയിൽ താമസിച്ചിരുന്ന പ്രതി 9 മാസം മുമ്പാണ് രേഷ്മയെ വിവാഹം കഴിച്ചത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ രേഷ്മയ്ക്ക് ഒരു മകൾ ഉണ്ട്. രേഷ്മ മുംബൈയിൽ ജോലി ചെയ്യുന്നതിനിടെ ഇൻസ്റ്റാഗ്രാം വഴിയാണ് കമ്മാറിനെ പരിചയപ്പെട്ടതും വിവാഹം ചെയ്തതും. ആദ്യ വിവാഹത്തിലെ മകളോടൊപ്പമാണ് ദമ്പതികൾ ബെംഗളൂരുവിൽ താമസിച്ചിരുന്നത്.

ഒക്ടോബർ 15-ന് വൈകുന്നേരം സ്‌കൂളിൽ നിന്ന് തിരിച്ചെത്തിയ രേഷ്മയുടെ മകളാണ് കുളുമുറി പുറത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടത്. അകത്ത് പോയി നോക്കിയപ്പോൾ രേഷ്മയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബെംഗളൂരുവിലുണ്ടായിരുന്ന അമ്മായി രേണുക ആനന്ദ്കുമാറിനെ വിവരമറിയിച്ചു. രേണുക എത്തി യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബല്ലാരിയിലേക്ക് യാത്രയിലായിരുന്നെന്ന് പറഞ്ഞിരുന്ന പ്രതി വിവരമറിഞ്ഞ് ആശുപത്രിയിലെത്തി.

താമസസ്ഥലത്ത് നിന്ന് പോകുമ്പോൾ രേഷ്മ കുളിക്കാനായി ഇലക്ട്രിക് ഹീറ്റർ ഉപയോഗിച്ചിരുന്നുവെന്നും വൈദ്യുതാഘാതമേറ്റതാകാം മരണകാരണമെന്നുമാണ് ഭർത്താവ് പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ, അനുജത്തിയുടെ മരണത്തിൽ കമ്മാറിന് പങ്കുണ്ടെന്ന് സംശയം തോന്നിയ രേണുക ഒക്ടോബർ 16-ന് ഹെബ്ബഗോഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ഒക്ടോബർ 16-ന് ഹോസൂർ മെയിൻ റോഡിലെ ഒരു ആശുപത്രിക്ക് സമീപത്ത് വെച്ച് പ്രശാന്ത് കമ്മാറിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച താൻ ദേഷ്യത്തിൽ മർദ്ദിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. കൊലപാതകം മറച്ചുവെച്ച് വൈദ്യുതാഘാതമെന്ന് വരുത്തിത്തീർക്കാനായി മൃതദേഹം കുളുമുറിയിൽ ഉപേക്ഷിക്കുകയും, വാട്ടർ ഹീറ്റർ ഓൺ ചെയ്യുകയുമായിരുന്നുവെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വിവാഹം കഴിഞ്ഞിട്ട് 9 മാസം; ഭാര്യയെ കൊലപ്പെടുത്തി അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റില്‍

Comments are closed.