അമ്മാവനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയ 16 കാരിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു|16-year-old girl dies after being pushed by uncle from a running train | Crime


Last Updated:

പെൺകുട്ടി ബാധ്യതയാകുമെന്ന് കരുതിയാണ് പ്രതി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു

News18
News18

മുംബൈ: സഹോദരിയുടെ മകളെ ലോക്കൽ ട്രെയിനിൽനിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 28-കാരനായ അമ്മാവൻ അറസ്റ്റിൽ. തിങ്കളാഴ്ച ഉച്ചയോടെ വസായിലാണ് സംഭവം നടന്നത്. വാളിവ് സ്വദേശിയായ പ്രതിയാണ് അറസ്റ്റിലായത്. ചർച്ച്‌ഗേറ്റ്–വിരാർ ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ മാതൃസഹോദരനൊപ്പമായിരുന്നു പെൺകുട്ടി യാത്ര ചെയ്തിരുന്നത്. ഭയന്ദറിനും നായിഗാവിനും ഇടയിലുള്ള ഭാഗത്ത് വെച്ച് പ്രതി പെൺകുട്ടിയെ ഓടുന്ന ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് തള്ളിയിടുകയായിരുന്നു. ട്രാക്കിലേക്ക് വീണ പെൺകുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പ്രതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടി വാസായ് ഈസ്റ്റിലുള്ള പ്രതിയുടെ വീട്ടിലെത്തി. എന്നാൽ, പെൺകുട്ടി ഒരു ബാധ്യതയാകുമെന്ന് മനസിലാക്കിയതോടെ പ്രതി കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മാൻഖുർദിലാണ് പെൺകുട്ടി അമ്മയോടും ഇളയ സഹോദരനോടുമൊപ്പം താമസിച്ചിരുന്നത്. ശനിയാഴ്ച പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഞായറാഴ്ച രാത്രി വാളിവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.05-ഓടെ ഭയന്ദറിൽ നിന്ന് ട്രെയിനിൽ കയറുന്നതിന് തൊട്ടുമുമ്പ് പ്രതി പെൺകുട്ടിയുടെ അമ്മയെ വിളിച്ച് മകൾ തന്നോടൊപ്പമുണ്ടെന്ന് അറിയിച്ചു. തുടർന്ന് നായിഗാവിനടുത്തുവെച്ച് ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായ യാത്രക്കാർ ഉടൻ തന്നെ പ്രതിയെ പിടികൂടി വസായ് റോഡ് റെയിൽവേ പോലീസിന് കൈമാറി. പിന്നീട് ഇയാളെ വാളിവ് പോലീസിന് കൈമാറുകയും കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഭയന്ദറിലെ തംഭാ ആശുപത്രിയിലേക്ക് അയച്ചതായി വാളിവ് പോലീസ് സീനിയർ ഇൻസ്‌പെക്ടർ ദിലീപ് ഘുഗെ അറിയിച്ചു. കഴിഞ്ഞ വർഷം പെൺകുട്ടി സ്വന്തം അച്ഛനെതിരെ ബലാത്സംഗ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് അച്ഛൻ ആത്മഹത്യ ചെയ്തതായും പോലീസ് പറഞ്ഞു. ഈ സംഭവങ്ങൾക്ക് ശേഷമാണ് പെൺകുട്ടി വാസായിലെ മാതൃസഹോദരന്റെ വീട്ടിൽ സ്ഥിരമായി വന്നുപോയിരുന്നതും ഇരുവരും തമ്മിൽ ബന്ധം സ്ഥാപിച്ചതെന്നുമാണ് പോലീസ് വെളിപ്പെടുത്തുന്നത്.

Comments are closed.