വനിതാ ഡോക്ടർ ഫ്രീസറിനുള്ളില്‍ നഗ്നയായി മരിച്ച നിലയില്‍ | Doctor mysteriously found dead inside Dollar Tree freezer reportedly naked | Crime


Last Updated:

ഡോക്ടര്‍ ഹെലന്‍ എന്തിനാണ് സ്റ്റോറിലെ നിയന്ത്രിത ഏരിയയായ സ്‌റ്റോക്‌റൂമിലേക്ക് പ്രവേശിച്ചതെന്ന കാര്യവും വ്യക്തമല്ല

News18
News18

ഫ്ളോറിഡയിലെ മിയാമിയിലുള്ള ഒരു ഡോളര്‍ ട്രീ സ്‌റ്റോറിലെ ഫ്രീസറില്‍ വനിതാ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ഒരു ജീവനക്കാരി സ്റ്റോര്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടതെന്ന് മിയാമി പൊലീസ് ഫോക്‌സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.

32 വയസ്സുള്ള വനിത ഡോക്ടര്‍ ഹെലന്‍ മാസിയല്‍ ഗാരെ സാഞ്ചസ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌റ്റോറിലെ സ്‌റ്റോക്‌റൂമിലുള്ള ഒരു വാക്ക്-ഇന്‍ ഫ്രീസര്‍/കൂളറിനുള്ളിലാണ് ഹെലന്റെ മൃതദേഹം കിടന്നിരുന്നതെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മൈക്കല്‍ വേഗ പറഞ്ഞു. ഹെലന്റെ മൃതദേഹം നഗ്നയായ നിലയിലാണ് ഉണ്ടായിരുന്നതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌റ്റോറിലെ നിരീക്ഷണ ക്യാമറകളും പൊലീസ് പരിശോധിച്ചു. എന്നാല്‍ അസ്വാഭാവികമായി അതില്‍ നിന്നും ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡോക്ടര്‍ ഹെലന്‍ എന്തിനാണ് സ്റ്റോറിലെ നിയന്ത്രിത ഏരിയയായ സ്‌റ്റോക്‌റൂമിലേക്ക് പ്രവേശിച്ചതെന്ന കാര്യവും വ്യക്തമല്ല.

ഹൃദ്രോഗ വിദഗ്ദ്ധയായ അനസ്‌തേഷ്യോളജിസ്റ്റാണ് ഹെലന്‍ മാസിയല്‍ ഗാരെ സാഞ്ചസ്. സെന്‍ട്രല്‍ അമേരിക്കയിലെ നിക്കരാഗ്വയാണ് യഥാര്‍ത്ഥ സ്വദേശം. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഹെലന്റെ മൃതദേഹം അവരുടെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും. ഹെലന്റെ കുട്ടികളും പ്രിയപ്പെട്ടവരുമെല്ലാം നാട്ടിലാണുള്ളത്.

പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ നിക്കരാഗ്വയില്‍ എത്തിച്ച് ഹെലന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. ഇതിനായുള്ള ചെലവ് വഹിക്കുന്നതിന് കുടുംബം ഇപ്പോള്‍ ഫണ്ട് സ്വരൂപിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹെലന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനായി തിങ്കളാഴ്ച വൈകുന്നേരം വരെ ഏകദേശം 9,200 ഡോളര്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് സമാഹരിച്ചതായാണ് വിവരം.

അതേസമയം, അന്വേഷണത്തെ തുടര്‍ന്ന് ഹെലന്റെ മൃതദേഹം കണ്ടെത്തിയ ഡോളര്‍ ട്രീ സ്‌റ്റോര്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഞായറാഴ്ച വൈകി സ്‌റ്റോര്‍ തുറന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഡോളര്‍ ട്രീ സംഭവത്തില്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Comments are closed.