ഭാര്യയുടെ സ്ഥാനാർഥിത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം|murder suspected in man death after facebook post against Wife’s Candidacy | Crime


Last Updated:

തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാര്യ ബീനയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയാൽ അവർക്കെതിരെ താൻ തന്നെ രംഗത്തിറങ്ങുമെന്ന് അജിത് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു

News18
News18

പോത്തൻകോട്: തദ്ദേശതിരഞ്ഞെടുപ്പിൽ ഭാര്യയ്ക്കു സീറ്റ് നൽകിയാൽ എതിരെ രംഗത്തുവരുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട വെമ്പായം വേറ്റിനാട് സ്വദേശി എം.അജിത് കുമാറിന്റെ (53) മരണം കൊലപാതകമെന്ന് സംശയം. മരണകാരണം തലയ്ക്കേറ്റ മാരകമായ പരിക്കാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. അജിത്തിന്റെ തലയ്ക്ക് പിന്നിൽ നാല് തവണ കനത്ത ആഘാതമേറ്റതായും ശരീരത്തിൽ ആകെ 31 പരിക്കുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാര്യ ബീനയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയാൽ അവർക്കെതിരെ താൻ തന്നെ രംഗത്തിറങ്ങുമെന്ന് അജിത് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘ബീന അജിത് എന്ന പേര് ഇനി ഉപയോഗിക്കരുത്, അവർക്ക് സീറ്റ് നൽകിയാൽ ജാഗ്രതൈ’ എന്നായിരുന്നു അജിത്തിന്റെ കുറിപ്പ്. ഇതിന് പിന്നാലെ അജിത് തനിക്ക് മർദ്ദനമേറ്റ ചിത്രങ്ങളും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ഒക്ടോബർ 10-നാണ് അജിത്തിനെ വീട്ടിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന മകൻ വിനായക് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വട്ടപ്പാറ പോലീസ് അന്ന് കേസെടുത്തത്. എന്നാൽ, മരണം നടന്ന് അഞ്ചാം ദിവസം വീടിനുള്ളിലെ രണ്ട് മുറികൾ പെയിന്റ് ചെയ്തതും അജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതും ബന്ധുക്കളിൽ വലിയ സംശയമുണ്ടാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും പോലീസ് ഗൗരവമെടുത്തില്ലെന്ന് ആരോപിച്ച ബന്ധുക്കൾ റൂറൽ എസ്.പിക്ക് പരാതി നൽകി. 60 ദിവസത്തിന് ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. ഇതോടെ വീഴ്ച വരുത്തിയ എസ്.ഐയെ മാറ്റി വട്ടപ്പാറ എസ്.എച്ച്.ഒ അന്വേഷണം ഏറ്റെടുത്തു.

അതിനിടെ അജിത്തിന്റെ മകൻ വിനായക് ശങ്കർ പോലീസിന് നൽകിയ പുതിയ മൊഴിയിൽ അച്ഛനെ അടിച്ചതായി സമ്മതിച്ചിട്ടുണ്ട്. രാത്രിയിൽ മദ്യപിക്കാൻ പോകാനായി വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ട് അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടായെന്നും, താക്കോൽ തട്ടിയെടുക്കുന്നതിനിടെ തന്നെ തള്ളിയ അച്ഛനെ സ്വയരക്ഷയ്ക്കായി വടി ഉപയോഗിച്ച് തിരിച്ചടിച്ചെന്നുമാണ് മകന്റെ മൊഴി. അച്ഛൻ ആത്മഹത്യ ചെയ്യുമെന്ന് ഇട്ട പോസ്റ്റ് താനാണ് ഡിലീറ്റ് ചെയ്തതെന്നും മകൻ മൊഴി നൽകി. പരിക്കുകളുടെ സ്വഭാവം വച്ച് ഇത് ആസൂത്രിതമായ കൊലപാതകമാണോ എന്നതിലേക്കാണ് പോലീസ് അന്വേഷണം ഇപ്പോൾ നീങ്ങുന്നത്.

Comments are closed.