Last Updated:
പ്രതി വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് ലൈംഗിക ഉദ്ദേശത്തോടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു
മാനന്തവാടി: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് അയച്ചുനൽകിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി പുതൃകാവില്‍ പി. സഹദ് (19) ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി യുവതിയെ പരിചയപ്പെട്ട പ്രതി വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് ലൈംഗിക ഉദ്ദേശത്തോടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് പ്രതിയെ യുവതി ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലുള്ള വിരോധം കാരണം ചിത്രങ്ങൾ യുവതിയുടെ കൂട്ടുകാരികൾക്കും മറ്റും അയച്ചുകൊടുക്കുകയായിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നാല് വ്യത്യസ്ത ഇൻസ്റ്റഗ്രാം ഐഡികൾ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തി. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഫോൺ നമ്പറുകൾ പ്രതിയുടേതായിരുന്നില്ല. മൊബൈൽ ടെക്നീഷ്യൻ കോഴ്സ് പഠിച്ച സഹദ്, തനിക്ക് റിപ്പയർ ചെയ്യാൻ ലഭിക്കുന്ന ഫോണുകളിലെ സിം കാർഡ് ഉപയോഗിച്ച് ഉടമകളുടെ അറിവോ സമ്മതമോ കൂടാതെ വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, കെ. സിൻഷ, ജോയ്‌സ് ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ റോബിൻ ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments are closed.