സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍; നടപടി സാമ്പത്തിക തട്ടിപ്പ് കേസില്‍| Kayamkulam Municipal Councillor Arrested in Financial Fraud Case Minutes After Taking Oath | Crime


Last Updated:

വ്യാപാരി-വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി

നുജുമൂദ്ദീൻ ആലുംമൂട്ടിൽ
നുജുമൂദ്ദീൻ ആലുംമൂട്ടിൽ

ആലപ്പുഴ: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. ആലപ്പുഴ കായംകുളത്താണ് സംഭവം. സാമ്പത്തിക തട്ടിപ്പുകേസിലാണ് കായംകുളം നഗരസഭ 26-ാം വാര്‍ഡിലെ കൗണ്‍സിലര്‍ നുജുമുദീൻ ആലുംമൂട്ടിൽ (65) അറസ്റ്റിലായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് നുജുമുദീന്‍. നൂറനാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാപാരി-വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിവിധ ആളുകളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പോലീസ് നുജുമുദീനെ അറസ്റ്റ് ചെയ്തത്.

2020 മുതല്‍ 2024 വരെ വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു നുജുമുദ്ദീന്‍. കായംകുളത്തും ചാരുംമൂട്ടിലും സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ഇയാളുടെ നേതൃത്വത്തില്‍ സൊസൈറ്റി ആദ്യ ഘട്ടത്തില്‍ മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുളള വ്യാപാരികളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചു. പിന്നീട് ചിട്ടി ഇടപാടുകള്‍ തുടങ്ങി. തുടര്‍ന്ന് എല്ലാ പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിക്കുവാന്‍ ആരംഭിച്ചു. വന്‍ പലിശ വാഗ്ദാനം ചെയ്തിരുന്ന നിക്ഷേപത്തുക തിരിച്ചു കൊടുക്കാതാകുകയും ചിട്ടികളില്‍ അടച്ച തുക നല്‍കാതാകുകയും ചെയ്തതോടെ 2024 അവസാനം മുതല്‍ നിക്ഷേപകര്‍ അസ്വസ്ഥരായിത്തുടങ്ങി. പണം തിരികെ ചോദിച്ചവരെ ഭീക്ഷണിപ്പെടുത്തി വിരട്ടാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കി.

നൂറനാട് പോലീസ് സ്റ്റേഷനില്‍ നുജുമുദ്ദീനും മറ്റു കൂട്ടു പ്രതികള്‍ക്കുമെതിരേ 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോ-ഓപ്പറേറ്റീവ് വകുപ്പ് സഹകരണ നിയമ പ്രകാരം അന്വേഷണം നടത്തി 6.18 കോടിരൂപയുടെ നഷ്ടമാണ് സൊസൈറ്റിക്ക് ഉണ്ടായിട്ടുളളത് എന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്.

നൂറനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനുകുമാർ എം കെ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ നുജുമുദ്ദീനെ കായംകുളത്തെ സ്ഥാപനത്തില്‍ നിന്നും നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാർ എസ് ന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേര്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ എത്തി.

നൂറനാട് പോലീസ് ഇന്‍സ്പെക്ടർ എസ് ശ്രീകുമാറിനൊപ്പം എസ്ഐ മാരായ അജിത് കെ, രാജേന്ദ്രന്‍ ബി, സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ്വി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 2 മുമ്പാകെ ഹാജരാക്കി.

Comments are closed.