ലഹരിമരുന്നു വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു Woman dies after husband attacks her with machete after refusing to pay for drugs in kozhikode  | Crime


Last Updated:

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ലഹരിമരുന്നു വാങ്ങാൻ പണം നൽകിയാത്തതിനെത്തുടർന്ന് ഭർത്താവ് വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കോഴിക്കോട് ഫറോക്കിലാണ് സംഭവം. ഫറോക്ക് സ്വദേശി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ പാണ്ടികശാല റോഡ് മക്കാട്ട് കമ്പിളിപ്പുറത്ത് എം.കെ. മുനീറ(32) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഭർത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഫാറൂഖ് കോളജിന് സമീപമുള്ള വീട്ടിൽ വച്ച് ഭർത്താവ് അബ്ദുൽ ജബ്ബാർ ഭാര്യ മുനീറയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.വീടിനു സമീപത്തെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയായ മുനീറ ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെ മുറിയിൽ അടച്ചിട്ട ശേഷമാണ് ആക്രമിച്ചത്. ആക്രമണത്തിൽ മുനീറയുടെ തലയ്ക്കും കഴുത്തിനും കൈകൾക്കും വെട്ടേറ്റു. ബഹളം കേട്ട് വീട്ടിലെത്തിയ നാട്ടുകാരാണ് മുനീറയെ ആശുപത്രിയിൽ എത്തിച്ചത്.

നേരത്തെയും ജബ്ബാർ മുനീറയെ ആക്രമിച്ചിരുന്നു. ഇതിന് ഇയാളുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് മുനീറയുടെ ബന്ധുക്കൾ പറയുന്നു.എട്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന്റെ ഉപദ്രവത്തെത്തുടർന്ന് ബന്ധം വേർപിരിയുന്ന ഘട്ടത്തിൽ എത്തിയെങ്കിലും പിന്നീട് മുനീറ തന്നെ ജബ്ബാറിനൊപ്പം വീണ്ടും താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.എട്ടും ആറും വയസ്സുള്ള രണ്ട് മക്കളും ഇവർക്കുണ്ട്.

Comments are closed.