Last Updated:
കുട്ടിയുടെ അമ്മയുമായുള്ള തർക്കത്തിനൊടുവിൽ തൻബീർ ആലം മുറിയിലുണ്ടായിരുന്ന ടൗവൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകനായ നാലുവയസുകാരന്റെ കൊലപാതകത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലുള്ള മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം (22) ആണ് കുറ്റം സമ്മതിച്ചത്. കുട്ടിയുടെ അമ്മയുമായുള്ള തർക്കത്തിനൊടുവിൽ തൻബീർ ആലം മുറിയിലുണ്ടായിരുന്ന ടൗവൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കിയാണ് കൊന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
കുട്ടിയുടെ കഴുത്തിലെ എല്ല് പൊട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി മാതാവ് മുന്നി ബീഗം ഓട്ടോ വിളിച്ച് ഇറങ്ങിയെങ്കിലും തൻബിർ ആലം ആശുപത്രിയിൽ കൊണ്ട് പോകാൻ തയാറായില്ല. തുടർന്ന് ലോഡ്ജിന് താഴെയുള്ള കടക്കാരാണ് ബഹളം ഉണ്ടാക്കി ഇയാളെയും കൂടി നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്.
അസ്വാഭാവികമരണത്തിന് എടുത്ത കേസിൽ കോടതി അനുമതിയോടെ കൊലപാതകത്തിനുള്ള വകുപ്പുകൾ കൂടി ചേർത്ത ശേഷമേ പ്രതിയെ അറസ്റ്റ് ചെയ്യുകയുള്ളൂ. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
പശ്ചിമബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ നാലുവയസ്സുള്ള മകൻ ഗിൽദറിനെയാണ് ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കിടന്ന് ഉറങ്ങുകയായിരുന്നു എന്നും പിന്നീട് ഉണർന്നില്ല എന്നുമാണ് മാതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടെത്തിയതോടെ അധികൃതർ കഴക്കൂട്ടം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സ് പ്രായം ഉള്ള ഇളയ കുഞ്ഞും മരണപ്പെട്ട കുട്ടിയുമായി ഇവർ ഇവിടെ താമസത്തിന് എത്തിയത്. രണ്ടുമാസം മുൻപും ഇവർ ഇതേ ലോഡ്ജിൽ താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ആലുവയിൽ താമസിച്ചിരുന്ന ഇവർ ഭർത്താവുമായി പിണങ്ങിയാണ് കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ് വിവരം.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala

Comments are closed.