Last Updated:
കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം
പൂന്തുറ: വളർത്തുപ്രാവുകളുടെ കൂടുകൾ കാണിക്കാമെന്ന് കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പേർ അറസ്റ്റിൽ. മാണിക്യവിളാകം സ്വദേശികളായ അഷ്കർ (31), സുഹൃത്ത് മുഹമ്മദ് റാസിക് (31) എന്നിവരെയാണ് പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളുമായി പരിചയമുണ്ടായിരുന്ന കുട്ടിയെ പ്രാവുകളുടെ കൂട് കാണിച്ചുതരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെ പൂന്തുറ പോലീസിൽ പരാതി നൽകി. കേസെടുത്തതിന് പിന്നാലെ പ്രതികൾ ചെന്നൈയിലേക്കും പിന്നീട് ബംഗളൂരുവിലേക്കും ഒളിവിൽ പോയി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബംഗളൂരുവിൽ നിന്ന് ഇവരെ വലയിലാക്കിയത്.
പ്രതികൾക്കെതിരെ ബീമാപള്ളി സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയതിനും കേസുണ്ട്. പൂന്തുറ എസ്.എച്ച്.ഒ. സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ വി. സുനിൽ, എസ്.എസ്. ശ്രീജേഷ്, എ.എസ്.ഐ. ഗോഡ്വിൻ, സി.പി.ഒ.മാരായ രാജേഷ്, സനൽ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Thiruvananthapuram,Kerala

Comments are closed.