Last Updated:
2.5 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാര്‍ ഇയാളുടെ ചാനലിനുണ്ട്
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയും അപ്‍ലോഡ് ചെയ്യുകയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്ത യൂട്യൂബര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 39-കാരനായ കംബേതി സത്യ മൂര്‍ത്തിയാണ് അറസ്റ്റിലായത്. ഹൈദരാബാദ് പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
‘വൈറല്‍ ഹബ്ബ്’ എന്ന പേരിലുള്ള തന്റെ യൂട്യൂബ് ചാനലിലാണ് പ്രതി കുറ്റകരമായ രീതിയിലുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തത്. 15-നും 17-നും ഇടയില്‍ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള അഭിമുഖങ്ങള്‍ അടങ്ങുന്ന വീഡിയോ ആണ് ഇയാള്‍ യൂട്യൂബ് ചാനലില്‍ അപ്‍ലോഡ് ചെയ്തത്.
ഈ അഭിമുഖങ്ങള്‍ക്കിടയില്‍ അശ്ശീലവും ലൈംഗികത പ്രകടമാക്കുന്നതുമായ ചോദ്യങ്ങള്‍ ഇയാള്‍ കുട്ടികളോട് ചോദിക്കുകയും ഒരു വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പരസ്പരം ചുംബിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ലൈംഗിക ചൂഷണത്തിന് തുല്യമാണ്.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചാനലില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ചാനലില്‍ അപ്‍ലോഡ് ചെയ്തിട്ടുള്ള ഉള്ളടക്കങ്ങള്‍ ശിശു സംരക്ഷണ നിയമങ്ങളും സൈബര്‍ നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ളതാണെന്ന് സാങ്കേതിക വിലയിരുത്തലില്‍ കണ്ടെത്തി. തുടര്‍ന്നാണ് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിയുകയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തത്.
2018 മുതല്‍ പ്രതി സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്ന് പോലീസ് പറയുന്നു. തുടക്കത്തില്‍ ചാനലിന് റീച്ച് കിട്ടുന്നതിനും വ്യൂ കൂട്ടുന്നതിനും വരുമാനം നേടുന്നതിനുമായി അസഭ്യമായ ഭാഷ ഉപയോഗിച്ച് ഇൻഫ്ളൂവന്‍സര്‍മാരെ അഭിമുഖം ചെയ്തു. പിന്നീട് പ്രായപൂര്‍ത്തിയാകാത്തവരെ ലക്ഷ്യംവെച്ചുകൊണ്ട് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉള്ളടക്കങ്ങള്‍ പ്രതി സൃഷ്ടിക്കുകയായിരുന്നുവെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തതായും പോലീസ് പറയുന്നു.
മൂര്‍ത്തി തന്റെ യൂട്യൂബ് ചാനലില്‍ ഏകദേശം 400 ഓളം വീഡിയോകള്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. 2.5 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാര്‍ ഇയാളുടെ ചാനലിനുണ്ട്. ചാനല്‍ ഇപ്പോഴും സജീവമാണ്. ഗൂഗിളിന് കത്തെഴുതി ചാനല്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുമെന്ന് സൈബര്‍ ക്രൈം വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
Jan 08, 2026 12:14 PM IST
യൂട്യൂബര്‍ അറസ്റ്റില്‍; കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിന്

Comments are closed.