Last Updated:
എസ്ഐ 1460 രൂപയുടെ പ്രസാദം വാങ്ങിയ ശേഷം കാർഡ് സ്വൈപ്പ് ചെയ്യാൻ നൽകിയപ്പോഴാണ് പ്രതി തട്ടിപ്പ് നടത്തിയത്
സന്നിധാനം: ശബരിമലയിൽ ദർശനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാർഡ് കൈക്കലാക്കി പണം കവർന്ന താൽക്കാലിക ജീവനക്കാരൻ പിടിയിൽ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടർ ജീവനക്കാരനായ മാവേലിക്കര കണ്ടിയൂർ സ്വദേശി ജിഷ്ണു സജികുമാറിനെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ എസ്ഐ വടിവേലിന്റെ കാർഡുപയോഗിച്ച് 10,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
അപ്പം, അരവണ കൗണ്ടറുകളുടെ ചുമതലയുള്ള ധനലക്ഷ്മി ബാങ്ക് നിയോഗിച്ചിട്ടുള്ള ഒരു സ്വകാര്യ ഏജൻസിയിലെ ജീവനക്കാരനാണ് ജിഷ്ണു. എസ്ഐ 1460 രൂപയുടെ പ്രസാദം വാങ്ങിയ ശേഷം കാർഡ് സ്വൈപ്പ് ചെയ്യാൻ നൽകിയപ്പോഴാണ് പ്രതി തട്ടിപ്പ് നടത്തിയത്. കാർഡ് വാങ്ങിയ ജിഷ്ണു രഹസ്യ പിൻ നമ്പർ മനസ്സിലാക്കുകയും, തുടർന്ന് എസ്ഐക്ക് തന്റെ പക്കലുണ്ടായിരുന്ന മറ്റൊരു കാർഡ് തിരിച്ചുനൽകി. കാർഡ് മാറിപ്പോയ വിവരം ശ്രദ്ധിക്കാതെ എസ്ഐ ദർശനം കഴിഞ്ഞ് മടങ്ങി.
പിന്നീട് ജിഷ്ണു സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചു. പണം പിൻവലിച്ച സന്ദേശം മൊബൈലിൽ എത്തിയതോടെയാണ് എസ്ഐ തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് അധികൃതരെയും വിജിലൻസിനെയും വിവരം അറിയിച്ചു. വിജിലൻസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Pathanamthitta,Pathanamthitta,Kerala
ശബരിമലയിൽ ദര്‍ശനത്തിന് എത്തിയ എസ്ഐയുടെ ATM കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്ന താൽക്കാലിക ജീവനക്കാരൻ പിടിയിൽ

Comments are closed.