Last Updated:
കഴിഞ്ഞയാഴ്ച കിഴക്കൻ ബെംഗളൂരുവിലെ ഒരു ഫ്‌ളാറ്റിൽ ഉണ്ടായ തീപ്പിടിത്തത്തിന് പിന്നാലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
ബെംഗളൂരു: തീപിടിത്തത്തിൽ മരിച്ചതെന്ന് കരുതിയ 34കാരിയെ ലൈംഗിക പീഡനത്തിനിടെ 18കാരൻ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ. ബംഗളൂരുവിലെ പ്രശസ്തമായ ടെക് കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്ന ശർമിള ഡി.കെ. എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ച കിഴക്കൻ ബെംഗളൂരുവിലെ ഒരു ഫ്‌ളാറ്റിൽ ഉണ്ടായ തീപ്പിടിത്തത്തിന് പിന്നാലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ തീപിടിത്തമല്ല ലൈംഗിക പീഡന ശ്രമമാണ് മരണത്തിന് കാരണമെന്ന് പോലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. അവർ നടത്തിയ കൂടുതൽ അന്വേഷണത്തിൽ ശർമിളയുടെ അയൽവാസിയും വിദ്യാർഥിയുമായ കർണാൽ കുറൈയാണെന്ന് പ്രതിയെന്ന് തിരിച്ചറിഞ്ഞു.
ദക്ഷിണ കന്നഡ സ്വദേശിനിയും അവിവാഹിതയുമായ യുവതി സങ്കൽപ നിലയയിലെ രണ്ടുമുറി ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. കുടക് ജില്ലയിലെ വിരാജ്‌പേട്ട സ്വദേശിയാണ് പ്രതി. ജനുവരി മൂന്നിന് രാത്രി 10.15നും 10.45നും ഇടയിൽ യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിൽ തീപിടിത്തമുണ്ടായിരുന്നു. ഉടൻ തന്നെ അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ഫ്‌ളാറ്റിൽ നിന്ന് യുവതിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി.
ഷോർട്ട്‌സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം കരുതിയിരുന്നത്. ഇതേ ഫ്‌ളാറ്റിൽ ആസാം സ്വദേശിയായ മറ്റൊരു യുവതിയും താമസിച്ചിരുന്നു. അവർ താമസിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ആദ്യം സംശയിച്ചു. കഴിഞ്ഞ വർഷം നവംബർ 14ന് ആസാം സ്വദേശി സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.
എന്നാൽ ശർമിളയുടെ സുഹൃത്തുക്കളിൽ ഒരാൾ മരണത്തിൽ സംശയം തോന്നി. തുടർന്ന് രാമമൂർത്തി നഗർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സീൻ ഓഫ് ക്രൈം ഓഫീസർമാരും(എസ്ഒസിഒ)ഫൊറൻസിക് വിദഗ്ധരും ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ തീപിടിത്തത്തിന് ഷോർട്ട്‌സർക്യൂട്ടുമായി ബന്ധമില്ലെന്ന് കണ്ടെത്തി.
ഫ്‌ളാറ്റിൽ ആരോ തീവെച്ചതാണെന്ന് തെളിവുകളിൽ നിന്ന് മനസ്സിലാക്കി. അതേസമയം, യുവതി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ”അന്വേഷണത്തിനിടെ ശേഖരിച്ച സാങ്കേതിക തെളിവുകളോടൊപ്പം ഇതും പ്രതിയെ അറസ്റ്റ് ചെയ്യാൻ കാരണമായി,” അന്വേഷണത്തിന്റെ ഭാഗമായ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു.
”അപകടമുണ്ടായ അന്ന് രാത്രി 9 മണിയോടെ കുറൈ ഒരു സ്ലൈഡിംഗ് ജനാലയിലൂടെ യുവതിയുടെ ഫ്‌ളാറ്റിൽ നുഴഞ്ഞു കയറിയതായും ലൈംഗികപീഡനത്തിന് ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.. എന്നാൽ ഇത് എതിർത്ത യുവതിയെ കുറൈ തന്റെ സർവശക്തിയുമെടുത്ത് അവരുടെ മൂക്കും വായും അടച്ചുപിടിച്ചു. പിന്നാലെ യുവതി ബോധരഹിതയായി. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടാകുകയും ചെയ്തു,” പോലീസ് പറഞ്ഞു.
ഇതിന് ശേഷം കുറൈ ആസാം സ്വദേശിനി താമസിച്ചിരുന്ന ഒഴിഞ്ഞു കിടന്ന മുറിയിലേക്ക് പോകുകയും ശർമിളയുടെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും കൂട്ടിയിട്ട് തെളിവ് നശിപ്പിക്കുന്നതിനായി തീയിട്ടു. ഇതിന് പിന്നാലെ യുവതിയുടെ ഫോൺ കൈക്കലാക്കി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
18 വയസ്സും മൂന്ന് മാസവും പ്രായമുള്ള കുറൈ ബെംഗളൂരുവിൽ തന്റെ അമ്മയ്‌ക്കൊപ്പമാണ് താമസം.ജനുവരി 10ന് ഇയാളെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയും ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Bangalore,Karnataka
ബെംഗളൂരുവില്‍ തീപിടിത്തത്തില്‍ മരിച്ചതെന്ന് കരുതിയ 34 കാരിയെ ലൈംഗിക പീഡനത്തിനിടെ 18കാരന്‍ കൊലപ്പെടുത്തിയത്

Comments are closed.