Last Updated:
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്
വയനാട്: പുൽപ്പള്ളിയിൽ 14 വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിനിക്കു നേരെ ക്രൂരമായ ആസിഡ് ആക്രമണം. സംഭവത്തിൽ അയൽവാസിയായ വേട്ടറമ്മൽ രാജു ജോസിനെ (55) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ മുഖത്തിന് സാരമായി പൊള്ളലേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർഥിനിയും മരകാവ് സ്വദേശിയുമായ മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടിക്ക് നേരെ അയൽവാസിയായ രാജു ആസിഡ് ഒഴിക്കുകയായിരുന്നു. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ സംഭവിച്ചതായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റായ (SPC) പെൺകുട്ടിയോട് യൂണിഫോം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എങ്കിലും സംഭവത്തിന് പിന്നിൽ മറ്റ് ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന കാര്യത്തിൽ പുൽപ്പള്ളി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ആദ്യം മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പരിക്കുകൾ ഗുരുതരമായതിനാൽ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Comments are closed.