ബസിൽ അപമര്യാദയായി പെരുമാറിയെന്ന 18 സെക്കൻഡ് വീഡിയോ യുവതി പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി 41 year old ends life as woman shares 18 second video from bus alleging harassment | Crime


Last Updated:

യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

ദീപക്
ദീപക്

കണ്ടന്റ് ക്രിയേറ്ററായ യുവതിയുടെ 18 സെക്കൻഡ് വൈറൽ വീഡിയോയുടെ പേരിൽ യുവാവ് ജീവനൊടുക്കിയതായി പരാതി. സോഷ്യൽമീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. കോഴിക്കോട് ​ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ബസിൽവെച്ച് ദീപക് ലൈം​ഗിക അതിക്രമം കാട്ടിയെന്ന് യുവതി പൊലീസിലും പരാതിപ്പെട്ടിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.

സോഷ്യൽ മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിനെത്തുടർന്ന് ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ തിരക്കുള്ള ബസിൽ വെച്ച് ദീപക് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചുവെന്ന് കാട്ടി യുവതി വടകര പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ബസിനുള്ളിൽ വെച്ച് ചിത്രീകരിച്ച 18 സെക്കൻഡ് വരുന്ന വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപക് കടുത്ത മാനസിക സംഘർഷത്തിലായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

ദീപക്കിന്റെ മരണത്തിന് പിന്നാലെ ഈ സമൂഹത്തിനാണ് ചികിത്സ വേണ്ടതെന്ന് ആവശ്യമായി യുവതി 2.40 മിനിറ്റ് വരുന്ന മറ്റൊരു വീഡിയോ ഞായറാഴ്ച സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

Comments are closed.