കോട്ടണ്‍ഹില്‍ ഹൈസ്കൂളിലെ വിദ്യാർത്ഥിനികളെ ഏത്തമിടിയിച്ച അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് | Show cause notice issued against to teacher Cotton hill school trivandrum


Last Updated:

ഡിഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്

News18News18
News18

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ ഹൈസ്കൂളിലെ വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. ഡിഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ മന്ത്രി വി.ശിവൻ കുട്ടിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം നടത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വൈകിട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ ഒമ്പതാം ക്ലാസിലെ കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്തിറങ്ങയതാണ് കാരണം. തുടർന്ന്, ക്ലാസ് മുറി പൂട്ടിയിട്ട ശേഷമാണ് ഏത്തമിടിപ്പിച്ചത്. പത്ത് മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് പുറത്തേക്ക് വിട്ടത്. അപ്പോഴേക്കും സ്കൂൾ ബസും വിട്ടുപോയിരുന്നു. . തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യാപിക കുട്ടികള്‍ക്ക് ബസ് ടിക്കറ്റിന് പണം നല്‍കിയാണ് വിദ്യാർത്ഥിനികളെ പറഞ്ഞു വിട്ടത്.

സംഭവം അറിഞ്ഞതിന് പിന്നാലെയാണ് രക്ഷിതാക്കൾ പരാതിയുമായി രം​ഗത്തെത്തിയത്. അതേസമയം സംഭവത്തിൽ ടീച്ചര്‍ കുട്ടികളോടും രക്ഷകര്‍ത്താക്കളും മാപ്പ് ചോദിച്ചെന്നും അതിനാൽ രേഖാമൂലം രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നുമാണ് പ്രധാനാധ്യാപിക പറഞ്ഞത്. വിഷയത്തിൽ ടീച്ചറോട് വിശദീകരണം തേടിയിരുന്നുവെന്നും പ്രധാനാധ്യാപിക പറഞ്ഞു. സംഭവത്തിൽ ഡിഡിക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും പ്രധാനാധ്യാപിക കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതിന് ശേഷമാണ് ഡിഇഒയോട് അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ നിർദേശം നൽകിയതെന്ന് ഞായറാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതയായ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് സമർപ്പിച്ചശേഷമാകും നടപടിയെന്നും മന്ത്രി അറിയിച്ചു. 8 കുട്ടികളെയാണ് അധ്യാപിക ശിക്ഷിച്ചത്. ഇവർ ക്ലസ്റ്റർ ലീഡേഴ്സ് ആണെന്നും മന്ത്രി പറഞ്ഞു.

പ്രാകൃതമായ രീതിയിലെ ശിക്ഷാരീതി അം​ഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്ലസ്റ്റർ ലീഡേഴ്സായ കുട്ടികൾ കുട്ടികൾ ബാ​ഗ് എടുക്കുന്നതിനുവേണ്ടിയാണ് ക്ലാസിൽ എത്തിയത്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് പോവാൻ കഴിയില്ല എന്ന് അറിയിച്ച അധ്യാപിക കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് ഇവരെ ക്ലാസ്സ്‌ മുറിയിൽ പുട്ടി ഇട്ട് എത്തം ഇടീപ്പിക്കുകയും ചെയ്തെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

Comments are closed.