Last Updated:
അഖിലേന്ത്യാ അടിസ്ഥാനത്തിൽ ആദ്യ 20 പെൺകുട്ടികളുടെ പട്ടികയിലും ദീപ്നിയ ഇടം നേടി
നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിന് അഭിമാനമായിരിക്കുകയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ ദീപ്‌നിയ.കേരളത്തിൽ നിന്ന് 73,328 പേർ യോഗ്യത നേടിയപ്പോൾ 109ാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ദീപ്നിയ.
അഖിലേന്ത്യാ അടിസ്ഥാനത്തിൽ ആദ്യ 20 പെൺകുട്ടികളുടെ പട്ടികയിലും ദീപ്നിയ ഇടം നേടി. ജിപ്‌മെറില്‍ അഡ്മിഷൻ നേടണമെന്നാണ് ദീപ്നിയയുടെ ആഗ്രഹം. മികച്ച ഡോക്ടറാവണം, സമൂഹത്തിന് വെളിച്ചമാവണമെന്നും ഈ മിടുക്കി പറയുന്നു. ഒന്നാം ക്ലാസ് മുതൽ മലയാളം മീഡിയത്തിലാണ് ദീപ്നിയ പഠിച്ചത്.
ആവള ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ദീപ്‍നിയ പഠിച്ചത്. നീറ്റ് പരിശീലനം നടത്തിയത് പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ്. സ്കൂൾ പഠനകാലത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം ഉപന്യാസരചനയിൽ എ ഗ്രേഡും മാത്‍സ് ടാലന്‍റ് സെർച്ച് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദീപ്നിയ നേടിയിട്ടുണ്ട്.
ഒപ്പം പൊതുമണ്ഡലത്തിൽ നിന്ന് സംഘടിപ്പിക്കപ്പെട്ട അക്ഷരോത്സവം ഉൾപ്പെടെയുള്ള നിരവധി പരിപാടികളിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദീപ്നിയ തിളങ്ങി.പ്ലസ് ടൂപഠനകാലത്താണ് ഡോക്ടര്‍ ആകണമെന്ന ആഗ്രഹം ദീപ്നിയക്ക് ഉണ്ടായത്.
അതിനായി പ്ലസ് വൺ തൊട്ടേ നീറ്റ് പരിശീലനം ആരംഭിച്ചു. ആദ്യ അവസരത്തില്‍ മികച്ച റാങ്ക് നേടാനായില്ലെങ്കിലും പരിശീലനം തുടർന്നു. അതിനായി പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിന്‍റെ കോഴിക്കോട് സെന്‍ററിൽ ചേർന്നു. ദീപ്നിയ പഠിച്ച സ്‌കൂളിലെ അധ്യാപകരാണ് മാതാപിതാക്കള്‍. അച്ഛന്‍ ദിനേശന്‍ ഹയര്‍സെക്കൻഡറിയില്‍ ഗണിത അധ്യാപകനാണ്. അമ്മ ബിജി ഹൈസ്‌കൂളില്‍ ഗണിത അധ്യാപികയും. സഹോദരന്‍ ദീപക് ഇതേ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
അതേസമയം ആകെ പരീക്ഷയെഴുതിയവരിൽ 12,36,531 പേർ യോഗ്യത നേടി. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക്. എന്നാൽ ആദ്യ നൂറ് റാങ്കിൽ ഇത്തവണ കേരളത്തിൽനിന്നും ആരുമില്ല.
Kozhikode,Kerala
June 14, 2025 9:53 PM IST
ദീപ്നിയ; ഒന്നാം ക്ലാസ് മുതൽ മലയാളം മീഡിയത്തിൽ; നീറ്റ് യുജിയിൽ കേരളത്തിൽ നിന്ന് യോഗ്യത നേടിയ 73,328 പേരിൽ ഒന്നാമത്

Comments are closed.